ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് സ്പെഷ്യൽ സ്കൂളും റിഹാബിലിറ്റേഷൻ സെന്ററും സ്ഥാപിക്കും – മന്ത്രി കെ കെ ശൈലജ ടീച്ചർ

സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്പെഷ്യൽ സ്കൂളും റിഹാബിലിറ്റേഷൻ സെന്ററും സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ. തെരുവത്ത് മുഹമ്മദ് സാഹിബ് മെമ്മോറിയൽ സ്കൂൾ ഫോർ ഡിഫ്രണ്ട്ലി ഏബിൾഡ് ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, തെരുവത്ത് ബീവി ഹജ്ജുമ്മ മെമ്മോറിയൽ ഡയാലിസിസ് സെന്റർ എന്നിവയുടെ  ഉദ്ഘാടനം കടിയങ്ങാട് വെളുത്തപറമ്പിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ വകുപ്പും സാമൂഹ്യനീതി വകുപ്പും ചേർന്ന് ഒട്ടേറെ പദ്ധതികൾ ഭിന്നശേഷി ക്കാർക്കായി നടപ്പിലാക്കുന്നുണ്ട്. ഭിന്നശേഷിക്കാരെ സമൂഹത്തോടൊപ്പം ചേർത്ത് നിർത്തണം. അവരിൽ പലർക്കും ചിത്രം വരയ്ക്കാനും പാട്ടു പാടാനും അഭിനയിക്കാനുമൊക്കെയുള്ള  കഴിവുണ്ട്. അവരുടെ കഴിവുകളെ  പ്രോത്സാഹിപ്പിക്കണം. ഭിന്നശേഷിക്കാരോട് രക്ഷിതാക്കളുടേയും തണൽ ജീവനക്കാരുടെയുമൊക്കെ ഇടപെടൽ ക്ഷമാപൂർവും സ്നേഹപൂർണവുമാകണമെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാർക്ക് സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് അനുയാത്ര. ജനിക്കുമ്പോൾ തന്നെ കുട്ടികളുടെ വൈകല്യങ്ങൾ കണ്ടെത്താനും ചികിത്സിക്കാനുമായി 66 ഡെലിവറി പോയിന്റുകളാണ് സർക്കാർ ആശുപത്രികളിൽ നടപ്പാക്കിയത്. ഹൃദയസംബന്ധമായ അസുഖമുള്ളവർക്കായി ഹൃദ്യം പദ്ധതി നടപ്പാക്കി. 1500 കുട്ടികൾക്ക് സൗജന്യമായി ഹൃദയ ശസ്ത്രക്രിയ നടത്തി കഴിഞ്ഞു.  കേൾവിക്കുറവുള്ള കുട്ടികൾക്കായി കോക്ലിയർ ഇംപ്ലാന്റ് പദ്ധതിയും നടപ്പാക്കിയതായി മന്ത്രി പറഞ്ഞു.
തണൽ ഭാരവാഹികൾ  നൻമ നിറഞ്ഞ പ്രവർത്തനമാണ് നടത്തുന്നത്. സർക്കാർ സാധ്യമായ സഹായമെല്ലാം തണൽ പ്രവർത്തനത്തിന് നല്കുമെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറും എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണനും ചേർന്നാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. മൾട്ടി സെൻസർ റിഹാബിലിറ്റേഷൻ യൂണിറ്റ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി നിർവഹിച്ചു
കുറ്റ്യാടി തണൽ – കരുണ വർക്കിംഗ് പ്രസിഡന്റ് ടി.കെ മോഹൻ ദാസ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലീല അധ്യക്ഷത വഹിച്ചു. തണൽ ചെയർമാൻ ഡോ ഇദ്റിസ് വി പ്രൊജക്ട് അവതരിപ്പിച്ചു. ഇ.കെ വിജയൻ എംഎൽഎ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും  പങ്കെടുത്തു.
Comments
error: Content is protected !!