CRIME

ബിരിയാണി കടം നല്‍കാത്തതിന്റെ പേരില്‍ മൂന്നംഗസംഘം ഹോട്ടല്‍ തല്ലിത്തകര്‍ത്തു

ബിരിയാണി കടം നല്‍കാത്തതിന്റെ പേരില്‍ മൂന്നംഗസംഘം ഹോട്ടല്‍ തല്ലിത്തകര്‍ത്തു.  ആക്രമണത്തില്‍ ഹോട്ടല്‍ ജീവനക്കാരന്റെ ചെവിയറ്റു. തൃപ്രയാര്‍ ജങ്ഷന് വടക്കുള്ള ‘കലവറ’ ഹോട്ടലിലാണ് ബുധനാഴ്ച രാത്രി  ആക്രമണമുണ്ടായത്.

ഹോട്ടല്‍ ജീവനക്കാരന്‍ അസം സ്വദേശി ജുനൈദിനാണ് പരിക്കേറ്റത്. മറ്റ് ജീവനക്കാര്‍ക്കും അടിയേറ്റിട്ടുണ്ട്. ഹോട്ടലിലെത്തിയ സംഘം നാല് ബിരിയാണി പാഴ്സല്‍ ആവശ്യപ്പെട്ടു. ഇത് കൊടുത്ത് ബില്‍ നല്‍കിയപ്പോഴാണ് പണമില്ലെന്നും കടമായി എഴുതിക്കൊള്ളാനും പറഞ്ഞത്. ഉടമ സ്ഥലത്തില്ലെന്നും കടമായി നല്‍കാന്‍ പറ്റില്ലെന്നും ജീവനക്കാരന്‍ പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ ഉടമയെ ഫോണില്‍ വിളിച്ച് കാര്യം പറയുന്നതിനിടെ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു.

ഇതിനിടെ ജീവനക്കാരന്‍ വലപ്പാട് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. ഇത് കണ്ട സംഘം ജീവനക്കാരനെ വീണ്ടും ആക്രമിച്ചു. അടിയേറ്റ് പുറത്തേക്കോടിയ ജീവനക്കാരന്‍ കെട്ടിടമുടമയുടെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടര്‍ന്നെത്തിയ സംഘം ക്രൂരമായി മര്‍ദിച്ചു. വലപ്പാട് സ്വകാര്യ ക്ലിനിക്കില്‍ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം ജുനൈദിനെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണിലും പരിക്കുണ്ട്. സംഘം കട അടിച്ചുതകര്‍ത്തു. സി.സി.ടി.വി.യുടെ ഡി.വി.ആറും തകര്‍ത്തു. അക്രമിസംഘത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കടയുടമ പോലീസിന് കൈമാറിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button