Uncategorized

എഞ്ചിന്‍ കപ്പാസിറ്റി കൂടിയ ബൈക്കുകള്‍ നിയന്ത്രിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

സംസ്ഥാനത്തെ പരിതസ്ഥിതിക്ക് അനുയോജ്യമല്ലാത്ത എഞ്ചിന്‍ കപ്പാസിറ്റി കൂടിയ ബൈക്കുകളുടെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അനന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കമ്മീഷനെ അറിയിച്ചു.

ഇക്കഴിഞ്ഞ ജനുവരി 30ന് തിരുവല്ലം ബൈപ്പാസില്‍ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ച് വഴിയാത്രക്കാരിയായ സന്ധ്യയും ബൈക്ക് യാത്രികനായ അരവിന്ദും മരിച്ച സംഭവത്തില്‍ കമ്മീഷന്‍ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ബൈക്ക് റേസിംഗാണ് അപകടകാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.  

അമിത വേഗത തടയാന്‍ സംസ്ഥാനത്തെ റോഡുകളില്‍ സ്പീഡ് ബ്രേക്കറുകളും മുന്നറിയിപ്പ് ബോര്‍ഡുകളും സ്പീഡ് ബമ്പുകളും റോഡ് മുറിച്ചുകടക്കാതിരിക്കാന്‍ മീഡിയനുകളില്‍ ഫെന്‍സിംഗും സ്ഥാപിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. മീഡിയനുകളിലുള്ള ചെടികള്‍ മറുവശത്തെ കാഴ്ച മറയ്ക്കാതിരിക്കാന്‍ ഇടയ്ക്കിടെ പരിശോധിക്കണം. ആളുകള്‍ക്ക് അപകടം കൂടാതെ റോഡ് മുറിച്ചുകടക്കാന്‍ സൗകര്യം ഒരുക്കണം.

വാഹനങ്ങളുടെയും കാല്‍നടയാത്രക്കാരുടെയും കാഴ്ച മറയ്ക്കുന്ന ബോര്‍ഡുകള്‍, ഹോര്‍ഡിംഗ്, കൊടി എന്നിവ സ്ഥാപിക്കരുത്. തെരുവുവിളക്കുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കണം. വാഹന റേസിംഗ് ഒഴിവാക്കാന്‍ പൊലീസ് പെട്രോളിംഗ് ഉറപ്പാക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം സിറ്റി ഐ.ജി. ആന്റ കമ്മിഷണര്‍ എന്നിവര്‍ക്കാണ് ഉത്തരവ് അയച്ചത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button