എക്സിക്യൂട്ടീവ് എക്സ്പ്രസ്സിലെ തീപ്പിടുത്തം; അട്ടിമറി സംശയിക്കുന്നതായി റെയിൽവെ
എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ ഉണ്ടായ തീപിടുത്തത്തിൽ അട്ടിമറി സംശയിക്കുന്നതായി റെയിൽവെ. പുലർച്ചെ 1.45 ഓടെ ആണ് ഒരു ബോഗി പൂർണ്ണമായും കത്തി നശിച്ച സംഭവം ഉണ്ടായത്. കോച്ചിന്റെ ഭാഗത്തേക്ക് ഒരാൾ കാനുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
പിൻഭാഗത്തെ ജനറൽ കോച്ചിൽ ആണ് തീപ്പിടുത്തം ഉണ്ടായത്. അഗ്നിശമനവിഭാഗം എത്തി തീ അണച്ചു. പെട്രോൾ പോലുള്ള ഇന്ധനം ഒഴിച്ച് കത്തിച്ചതായി സംശയിക്കുന്നുണ്ട്. കത്തിയത് എലത്തൂരിൽ തീ പിടിച്ച അതെ തീവണ്ടി തന്നെയാണ്. രാത്രി കണ്ണൂരിൽ യാത്ര അവസാനിച്ചതിനു ശേഷം ആണ് തീ പിടിച്ചത്.
ഒന്നേകാലിന് ആണ് തീ കണ്ടതെന്ന് ദൃക്സാക്ഷി പറഞ്ഞു. മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് പോവുകയായിരുന്നു. ആദ്യം വേയ്സ്റ്റ് കത്തുന്നതാണെന്ന് കരുതുകയായിരുന്നു. പാർസൽ ജീവനക്കാർ ഉണ്ടായിരുന്നു അവിടെ. വളരെ പുകയുണ്ടെന്ന് പറഞ്ഞ് അവർ പോയി നോക്കി. അങ്ങനെയാണ് ട്രെയിനിന് തീ പിടിച്ചതാണെന്ന് കണ്ടെത്തിയത്. സ്റ്റേഷൻ മാഷോട് വിഷയം അവതരിപ്പിച്ചു. അപ്പോഴേക്കും സൈറൻ മുഴക്കി. പതിനഞ്ചു മിനിറ്റോടെ തീ ആളിപ്പടർന്നു. ആദ്യം ബാത്ത്റൂമിന്റെ സൈഡിലാണ് തീ കണ്ടത്. പിന്നീട് മുഴുവനായി കത്തുകയായിരുന്നു. അരമണിക്കൂറിനുള്ളിൽ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ഏകദേശം ഒരു മണിക്കൂറോളം തീ കത്തുകയായിരുന്നു. തീ പെട്ടെന്നായിരുന്നു കത്തിയത്. അതുകൊണ്ടുതന്നെ ദുരൂഹതയുണ്ടെന്നാണ് സംശയമെന്നും ദൃക്സാക്ഷി പറയുന്നു.