വ്യാജ വിമാന ടിക്കറ്റ് നിർമ്മിച്ച് 10 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയ നാദാപുരം സ്വദേശി അറസ്റ്റില്‍
വ്യാജ വിമാന ടിക്കറ്റ് നിർമ്മിച്ച് 10 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയ നാദാപുരം യൂണിമണി ഫിനാൻഷ്യൽ സർവ്വീസ് കമ്പനിയിലെ ജീവനക്കാരൻ അറസ്റ്റിൽ. ഇരിങ്ങൽ കോട്ടക്കലിലെ ജിയാസ് മൻസിലിൽ ജിയാസ് (36) നെയാണ് നാദാപുരം എസ്ഐ എസ്.വി. ജിയോസദാനന്ദനും, ഡിവൈഎസ്പി വി വി ലതീഷിന്റെ സ്ക്വാഡ് അംഗങ്ങളും ചേർന്ന് അറസ്റ്റ് ചെയ്തത്.
യൂണിമണി ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ് കമ്പനി നാദാപുരം ബ്രാഞ്ചിലെ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് ആയ പ്രതി ഇടപാടുകാർക്ക് വ്യാജ ടിക്കറ്റുകൾ നൽകി പണം സ്വന്തം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. കമ്പനിയേയും ഉപഭോക്താക്കളെയും വഞ്ചിച്ച് 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന ബ്രാഞ്ച് മാനേജറുടെ പരാതിയിലാണ് പോലീസ് നടപടി.
നാദാപുരം ബ്രാഞ്ചിൽ നിന്ന് വിവിധ ദിവസങ്ങളായി ടിക്കറ്റെടുത്ത 12 ഓളം പേരാണ് കബളിപ്പിക്കപ്പെട്ടതായി പരാതി നൽകിയത്. യൂണിമണി കമ്പനിയിൽ നിന്ന് ടിക്കറ്റെടുത്ത ഉപഭോക്താക്കളിൽ ഒരാൾ വിമാനത്തിലെ പിഎൻആർ നമ്പർ സ്റ്റാറ്റസ് പരിശോധിച്ചപ്പോൾ വ്യാജ നമ്പറാണെന്ന് മനസിലാവുകയും കമ്പനിയിൽ പരാതി നൽകുകയും ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തായത്.
മാനേജറുടെ പരാതിയിൽ വ്യാജ രേഖകൾ ചമച്ചതടക്കമുള്ള വിവിധ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുക്കുകയായിരുന്നു. കേസെടുത്തതറിഞ്ഞ പ്രതി കഴിഞ്ഞ ദിവസം അമിത അളവിൽ ഗുളികകൾ കഴിക്കുകയും ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിൽസയ്ക്ക് ശേഷം ഡിസ്ചാർജായ പ്രതിയെ വ്യാഴാഴ്ച്ച അറസ്റ്റ് ചെയ്യുകയായിരുന്നു.