DISTRICT NEWS

ജില്ലയിൽ കനത്തമഴ: രണ്ട് ക്യാമ്പുകൾ തുറന്നു

കനത്ത മഴയിൽ ജില്ലയിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വെണ്ടക്കംപൊയിൽ എസ് ടി കോളനിയിലെ 18 കുടുംബങ്ങളെ ചെമ്പുകടവ് ഗവ. യുപി സ്കൂൾ ക്യാമ്പിലേക്ക് മാറ്റി. സ്ത്രീകളും കുട്ടികളും അടക്കം 91 പേരാണ് ഈ ക്യാമ്പിലുള്ളത്.

കോഴിക്കോട് താലൂക്കിൽ പന്നിയങ്കര വില്ലേജിൽ രണ്ട് കുടുംബങ്ങളിൽ നിന്നായി എട്ട് പേരെ കപ്പക്കൽ ഗവ യു പി സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചു.

വടകര താലൂക്കിൽ കനത്ത മഴയെ തുടർന്ന് 10 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കടൽക്ഷോഭത്തെ തുടർന്ന് വടകര തീരദേശത്തെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. വടകര വില്ലേജിലെ ഏഴ് കുടുംബങ്ങളെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു.
നാദാപുരത്ത് രണ്ട് കുടുംബങ്ങളെയും കായക്കൊടിയിൽ ഒരു കുടുംബത്തെയും ബന്ധുവീട്ടിലേക്ക് മാറ്റി പാർപ്പിച്ചു. കൊയിലാണ്ടി താലൂക്കിൽ തുറയൂർ വില്ലേജിൽ മൂന്ന് കുടുംബങ്ങളെ ബന്ധു വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു.

ജില്ലയിൽ വിവിധ വില്ലേജുകളിലായി 18 വീടുകൾ ഭാഗികമായി തകർന്നു. പെരുമണ്ണ, ഫറോക്ക്, നഗരം, മാവൂർ വില്ലേജുകളിൽ 2 വീതവും എലത്തൂർ, കുന്നമംഗലം, കക്കോടി, മാവൂർ, ചെലവൂർ, വേങ്ങേരി, ഒളവണ്ണ, കാക്കൂർ, ചേളന്നൂർ കരുവൻതിരുത്തി വില്ലേജുകളിൽ ഓരോ വീട് വീതവുമാണ് തകർന്നത്.

കായണ്ണ വില്ലേജ് കരികണ്ടൻപാറ ചെമ്പ്ര റോഡിലേക്ക് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. പാലേരി വിലേജിൽ കിണർ ഇടിഞ്ഞു താഴ്ന്നു. വാഴയിൽ അമ്മാളുവിന്റെ വീട്ടുമുറ്റത്തെ കിണറാണ് താഴ്ന്നത്. പാലേരി, അത്തോളി, നടുവണ്ണൂർ, കൂരാച്ചുണ്ട്, ചെറുവണ്ണൂർ, ചക്കിട്ടപാറ, പന്തലായനി, ഉള്ളിയേരി എന്നീ വീല്ലേജുകളിൽ ഓരോ വീടുകൾക്ക് ഭാ​ഗികമായി നാശ നഷ്ടം സംഭവിച്ചു.

ദേശീയപാതയിൽ അയനിക്കാട് കുറ്റിയിൽപീടി, ഇരിങ്ങൽ പോസ്റ്റ് ഓഫീസ്, മൂരാട് എന്നീ ഭാഗങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടു. ഇതേ തുടർന്ന് ദേശീയപാതയിൽ അനുഭവപ്പെടുന്ന ​ഗതാഗത തടസം പരിപരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണ്.

എടച്ചേരിയിൽ ഒഴുക്കിൽപ്പെട്ട യുവാവിനായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തിവെച്ചു. നാളെ രാവിലെ 7 മണിക്ക് തിരച്ചിൽ പുനരാംരംഭിക്കും.

ജില്ലയിൽ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു. 1077 ആണ് ടോള്‍ ഫ്രീ നമ്പര്‍. കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂം നമ്പര്‍ : 0495 -2371002

കോഴിക്കോട് താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0495-2372967
താമരശേരി താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0495 -2224088
വടകര താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0496-2520361
കൊയിലാണ്ടി താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0496-2623100.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button