കോഴിക്കോട്  ഗവ. മെഡിക്കൽ കോളേജിൽ പരീക്ഷ നടത്താൻ ഹാളില്ല; രോഗികളെ വരാന്തയിലേക്ക് മാറ്റി പരീക്ഷനടത്തി

കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജിൽ പി ജി പരീക്ഷ നടത്താൻ എക്‌സാമിനേഷൻ ഹാൾ ഒഴിവില്ലാത്തതിനെത്തുടർന്ന്  രോഗികളെ വരാന്തയിലേക്ക് മാറ്റി വാർഡിൽ പരീക്ഷനടത്തി. എല്ലുരോഗ വിഭാഗം എം എസ് പരീക്ഷയാണ് പത്താം വാർഡിൽ നടത്തിയത്. മണിക്കൂറുകളോളം രോഗികൾ വരാന്തയിൽ കിടക്കേണ്ടിവന്നു. ഒരു മുന്നറിയിപ്പുമില്ലാതെ വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെയാണ്  10-ാം വാർഡിലെ ഇരുപത്തഞ്ചോളം രോഗികളെ മാറ്റിയത്. രോഗികളെ വാർഡിന്റെ പുറത്തുള്ള വരാന്തയിലേക്ക് കട്ടിലടക്കം മാറ്റി കിടത്തുകയായിരുന്നു. കഴിഞ്ഞദിവസം ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികളടമുള്ളവരെ വാർഡിൽനിന്ന് മാറ്റിയതിനാൽ ഏറെ പ്രയാസം നേരിട്ടു. കൂട്ടിരിപ്പുകാർ പരസ്പരം സഹായിച്ചാണ് എല്ലാവരെയും മാറ്റിയത്. ജീവനക്കാരുടെ സഹായംപോലും ലഭിച്ചില്ലെന്നും കൂട്ടിരിപ്പുകാർ പറഞ്ഞു.

രോഗികളെ രാവിലെ എട്ടിന് മുൻപു മാറ്റണമെന്ന് ഒന്നരമണിക്കൂർ മുൻപാണ് വാർഡിലെ സ്റ്റാഫ് നഴ്‌സ് കൂട്ടിരിപ്പുകാരോട് പറഞ്ഞത്. എന്നാൽ പരീക്ഷ നടക്കുന്നതിനാൽ രോഗികളെ രാവിലെ വാർഡിൽനിന്ന്‌ മാറ്റണമെന്ന കാര്യം രാത്രി പത്തു മണിക്ക് തന്നെ അറിയിച്ചുവെന്ന് സ്റ്റാഫ് നഴ്‌സ് രോഗികളുടെ കൂട്ടിരിപ്പുകാരോടു പറഞ്ഞു. പരീക്ഷ കഴിഞ്ഞു വൈകീട്ട് അഞ്ചുമണിയോടെ രോഗികളെ വാർഡിലേക്ക്  തന്നെ മാറ്റി. ഈ സമയം ജീവനക്കാരും സഹായത്തിനെത്തി.
നിലവിലെ പരീക്ഷാഹാളിൽ മൂന്ന് ദിവസമായി സർജറി വിഭാഗം എം എസ് പരീക്ഷ നടന്നുവരികയാണ്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു പരീക്ഷാ ഹാൾ മാത്രമാണുള്ളതെന്നും പി ജി വിദ്യാർഥികളുടെ രണ്ട് ബാച്ചിന്റെയും പരീക്ഷകൾ ഒരുമിച്ചുവന്നതിനാലാണ് വാർഡിലെ രോഗികളെ മാറ്റിയതെന്നുമാണ് സംഭവത്തെ കുറിച്ച് മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം.
Comments

COMMENTS

error: Content is protected !!