കെ.റെയില്‍ വിരുദ്ധ സമരം,ജനകീയ ചെറുത്തു നില്‍പ്പുകള്‍ക്ക് ഉദാത്ത മാതൃക-വി.ഡി.സതീശന്
കൊയിലാണ്ടി: ജനകീയ ചെറുത്തുനില്പ്പുകള്ക്കെല്ലാം ഉത്തമ മാതൃകയാണ് ആയിരം ദിനങ്ങള്‍ പിന്നിട്ട കാട്ടില പീടികയിലെ കെ.റെയില്‍ വിരുദ്ധ സമരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു. കാട്ടില പീടികയില്‍ ആയിരം ദിവസം പിന്നിട്ട കെ.റെയില്‍ വിരുദ്ധ സമര വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിട്ടു വീഴ്ചയില്ലാതെ,തളരാതെ,പോരാട്ടങ്ങള്‍ക്ക് മുന്നില്‍ പതറാതെ നിന്ന ഈ സമര പോരാളികളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. കേരളം ഭരിക്കുന്ന മുഖ്യന്റെ അഹംഭാവത്തിനും ധാര്‍ഷ്ഠ്യത്തിനും ഹൂങ്കിനുമുളള ചുട്ട മറുപടിയാണ് പതിനായിരങ്ങള്‍ അണിനിരന്ന കെ.റെയില്‍ വിരുദ്ധ സമരം. തീഷ്ണമായ ജനകീയ സമരം നേരിടാനാവാതെ മഞ്ഞ കുറ്റികള്‍ പറിച്ച് ഓടി മറിയേണ്ട ഗതികേടിലാണ് പിണറായിയും കൂട്ടരും. കെ.റെയില്‍ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുകയാണെങ്കില്‍ ഗുരുതരമായ പാരിസ്ഥിക ദുരന്തമായിരിക്കും നാം അഭിമുഖികരിക്കേണ്ടി വിരക. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി തയ്യാറാക്കിയ ഡി.പി.ആര് പോലും കൃത്യമായി പഠിക്കാതെയാണ് നിയമസഭയില്‍ മുഖ്യമന്ത്രി ഈ വിഷയത്തിലുളള ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞത്. കെ.റെയില്‍ ഡി.പി.ആര് അബദ്ധ പഞ്ചാംഗമാണ്. ഈ പദ്ധതി നടപ്പിലാക്കുകയാണെങ്കില്‍ നമ്മുടെ അയല്‍ രാജ്യമായ ശ്രീലങ്കയുടെ ഗതി നമുക്ക് വരും. രണ്ട് ലക്ഷം കോടി രൂപയാണ് പദ്ധതിക്കായി വേണ്ടി വരിക. അതിവേഗ റെയിലാണ് സംസ്ഥാനത്തിന് വേണ്ടതെങ്കില്‍ നിലവിലുളള റെയില്‍വേ പാളത്തിന്റെ വളവുകള്‍ നിവര്‍ത്തുകയും ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം നടപ്പിലാക്കുകയുമാണ് വേണ്ടത്. ഇതിനായി 380 കോടി രൂപ റെയില്‍വേ അനുവദിച്ചത് സ്വാഗതാര്‍ഹമായ കാര്യമാണ്. റെയില്‍വേ വികസനത്തില്‍ സംസ്ഥാനം കേന്ദ്ര സര്‍ക്കാറുമായി സഹകരിക്കുകയാണ് വേണ്ടത്.
കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരന്തഫലം ഏര്റവും കൂടുതല്‍ അനുഭവിക്കാന്‍ പോകുന്നത് കേരളമാണ്.മഴക്കാലം ഭീതിയോടെയാണ് നാം അഭിമുഖീകരിക്കുന്നത്.രണ്ട് ദിവസം തുടര്‍ച്ചയായി മഴ പെയ്താല്‍ കേരളം മുങ്ങിപോകുന്ന അവസ്ഥയാണിപ്പോള്‍. ഇങ്ങനെയുളള ഒരു സംസ്ഥാനത്താണ് കോടികള്‍ മുടക്കി ഒരു വീണ്ടു വിചാരവുമില്ലാതെ വലിയ പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഇതിന്റെപിന്നില്‍ ചില അജണ്ടകളുണ്ടെന്ന് ആര്‍ക്കാണ് അറിയാത്തതെന്നും വി.ഡി.സതീശന് ചോദിച്ചു. കെ.റെയില്‍ വിരുദ്ധ സമരത്തിന് യൂ.ഡി.എഫിന്റെ മുഴുവന്‍ പിന്തുണയും എക്കാലവും ഉണ്ടാകും .ഒരു തരത്തിലും ഈ ജനവിരുദ്ധ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും വി.ഡി.സതീശന് പറഞ്ഞു.
സമര സമിതി ചെയര്മാന് ടി.ടി. ഇസ്മയില്‍ അധ്യക്ഷത വഹിച്ചു.ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍, കെ.എം.ഷാജി,മുന്‍ എം.എല്‍.എ ജോസഫ് എം പുതുശ്ശേരി,സി.ആര്.നീലകണ്ഠന്,എം.പി.ബാബുരാജ്,എസ്.രാജീവ്,വിജയ രാഘവന് ചേലിയ,കെ.മൂസക്കോയ,സിന്ധു ജെയിംസ്,റോസ്ലിന് ഫിലിപ്പ്,മുസ്ഥഫ ഒലീവ്,സുനീഷ് കീഴാരി എന്നിവര്‍ സംസാരിച്ചു.