നഗരസഭ തെങ്ങുകൃഷിക്കാർക്ക് സബ്സിഡി നിരക്കിൽ വളം വിതരണം ചെയ്യുന്നതിന് പിന്നിൽ വൻ തട്ടിപ്പ്; അണിയറക്ക് പിന്നിൽ ഭരണസ്വാധീനമുള്ള തട്ടിപ്പുസംഘം
കൊയിലാണ്ടി: നഗരസഭയിലെ തെങ്ങുകർഷകർക്ക് സബ്സിഡി നിരക്കിൽ വളം വിതരണം ചെയ്യുന്ന പദ്ധതിക്ക് പിന്നിൽ വലിയ തട്ടിപ്പ് നടക്കുന്നതായി കർഷകർ ആരോപിക്കുന്നു. സർക്കാർ അംഗീകൃത ജി എസ് ടി ബില്ലുള്ള ഷാപ്പുകളിൽ നിന്ന് നല്ല വളം തെരഞ്ഞെടുത്ത് വാങ്ങാൻ അവർക്ക് അനുമതി നൽകണമെന്നും കർഷകർ ആവശ്യപ്പെടുന്നു. ഈ ആവശ്യം കർഷകർ ഭീമഹർജിയായും മറ്റും നഗരസഭാ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും ഇതുവരെ പരിഗണിച്ചിട്ടില്ല.
കഴിഞ്ഞ വർഷം 32,790 തെങ്ങുകൾക്ക് ജൈവവളം നൽകിയതായാണ് കൃഷിവകുപ്പിലെ രേഖകൾ പറയുന്നത്. ഇതിന് സബ്സിഡി ഇനത്തിൽ മാത്രം 32,79000 രൂപയാണ് നഗരസഭ ഫണ്ടിൽ നിന്ന് ചെലവഴിച്ചത്. ഏക്കറൊന്നിന്ന് 70 തെങ്ങുകൾ എന്ന് കണക്കാക്കിയായിരുന്നു വളം വിതരണം. എന്നാൽ ഈ തുക ഏതാണ്ട് പൂർണ്ണമായി ഇടനിലക്കാർ തട്ടിയെടുക്കുകയായിരുന്നു. തെങ്ങൊന്നിന് 135 രൂപയുടെ ജൈവ വളം നൽകുന്നതായാണ് കണക്ക്. ഇതിൽ 100 രൂപ സബ്സിഡിയും 35 രൂപ ഗുണഭോക്തൃ വിഹിതവുമാണ്. യഥാർത്ഥത്തിൽ കർഷകർ നൽകുന്ന 35 രൂപ മൂല്യം വരുന്ന വളം പോലും കർഷകർക്ക് നൽകുന്നില്ല എന്നതാണ് വസ്തുത. കടലപ്പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക്, ആവണക്കിൻ പിണ്ണാക്ക്, ജൈവ പൊട്ടാഷ്, സൂക്ഷ്മ മൂലകങ്ങൾ, എല്ലുപൊടി എന്നിവ നിശ്ചിത അനുപാതത്തിൽ ചേർത്ത വളമാണ് വിതരണം ചെയ്തത് എന്നാണ് രേഖകളിൽ കാണുക. എന്നാൽ കരിമ്പിൻചണ്ടി ചെറിയൊരളവിൽ യൂറിയയയും ചേർത്ത് ‘ജൈവവള’മാക്കി മാറ്റി തട്ടിപ്പു നടത്തുന്ന ഒരു സംഘം ജില്ലയിൽ സജീവമാണ്.
ജില്ലയുടെ കിഴക്കൻ മേഖലയിൽ ഇത്തരത്തിലുള്ള ‘വളനിർമ്മാണ’ യൂനിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഒരു കിലോവിന് മൂന്നു രൂപയിൽ താഴെയാണ് ഈ വളത്തിന് നിർമ്മാതാക്കൾ ഈടാക്കുക. ഇത് ബൾക്കായി വാങ്ങി 40 രൂപയിൽ കൂടുതൽ വിലയുള്ള ജൈവവളമായാണ് നഗരസഭക്ക് നൽകുന്നത്. കർഷകർ തിരിച്ചറിയാതിരിക്കാൻ വളരെ ചെറിയ അളവിൽ കടലപ്പിണ്ണാക്കും മറ്റും ഇതിൽ ചേർത്ത് ഇളക്കും. വേപ്പിൻപിണ്ണാക്കിന്റേയും എല്ലുപൊടിയുടേയും മറ്റും മണം വരാൻ കൃതൃമമായ എസ്സൻസ്സുകൾ സ്പ്രേ ചെയ്യും. ഒറ്റയടിക്ക് കർഷകർ വളമാണെന്ന് തെറ്റിദ്ധരിക്കുമെങ്കിലും വളത്തിന്റെ ഒരു പ്രയോജനവും ഇതു കൊണ്ടുണ്ടാവില്ല. ഏതെങ്കിലും കർഷകർ ചോദ്യം ചെയ്താൽ ‘ദാനം കിട്ടുന്ന പശുവിന്റെ പല്ലെണ്ണണണോ?’ എന്നൊരു മനോഭാവമാണ് വിതരണക്കാർക്ക്. തെങ്ങിന്റെ തടത്തിൽ മരപ്പൊടി പോലെ കിടക്കുന്നതല്ലാതെ വലിച്ചെടുക്കാനുള്ള വളത്തിന്റെ അംശം ഇതിൽ തീരെ കുറവായിരിക്കും. രേഖകൾ പരിശോധിച്ചാൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സാമ്പിൾ എടുത്തു പരിശോധിച്ച വളമാണ് വിതരണത്തിന് അനുമതി നൽകിയത്, എന്നൊക്കെ രേഖപ്പെടുത്തിയിട്ടുണ്ടാവും. യഥാർത്ഥത്തിൽ പരിശോധനക്കയച്ച സാമ്പിൾ വളവും കർഷകർക്ക് വിതരണം ചെയ്തതും തമ്മിൽ ഒരു ബന്ധവുമുണ്ടാവില്ലെന്ന് മാത്രം. വേപ്പുമായി യാതൊരു ബന്ധവുമില്ലാത്ത ‘വേപ്പിൻപിണ്ണാക്കും’ ഇതേ പോലെ നിർമ്മിച്ച് വലിയ വിലക്ക് നഗരസഭയെ ഇടനിലക്കാരാക്കി വിരണം ചെയ്യുന്നുണ്ട്. കാപ്പിത്തൊണ്ട്, പുളിങ്കുരു, ഉപ്പ് എന്നിവ ചേർത്തരച്ച് വേപ്പിന്റെ സ്പ്രേ അടിച്ചാണ് ഇത് തയാറാക്കുന്നത്. ഒറ്റനോട്ടത്തിൽ ഈ വ്യാജവളവും തിരിച്ചറിയുക ബുദ്ധിമുട്ടാണ്.
ഭരണകക്ഷി ബന്ധമുള്ള ഒരു തട്ടിപ്പുസംഘമാണ് എല്ലാ വർഷവും നഗരസഭയുടെ വളം വിതരണം ഹൈജാക് ചെയ്ത് കർഷകരുടെ കൈകളിലെത്തേണ്ട ലക്ഷങ്ങൾ തട്ടിയെടുക്കുന്നത്. നല്ലവളം തെരഞ്ഞെടുത്ത് വാങ്ങാൻ കർഷകർക്ക് അനുമതി നൽകുകയും വാങ്ങിയ വളത്തിന്റെ ബിൽ ഹാജരാക്കിയാൽ മാത്രം സബ്‌സിഡി അനുവദിക്കുകയും ചെയ്താൽ ഈ തട്ടിപ്പ് വലിയൊരളവിൽ ഇല്ലാതാകും. ഇത് ചെയ്യാതിരിക്കുന്നതിന് നഗരസഭ പറയുന്ന ന്യായം വളം വാങ്ങാതെ ബിൽ ഹാജരാക്കി സബ്‌സിഡി വെട്ടിക്കും എന്നാണ്. ഇന്നത്തെ നിലയിൽ അതിനുള്ള സാദ്ധ്യത വളരെ കുറവാണ്. സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ജി എസ് ടി ബില്ലുപയോഗിച്ച് വാങ്ങുന്ന വളത്തിന്, വളം വാങ്ങാതെ ബില്ല് സംഘടിപ്പിക്കുക പ്രയാസമായിരിക്കും. അഥവാ അതിനാരെങ്കിലും മുതിർന്നാൽ തന്നെ വളരെ ചെറിയ തുക മാത്രമേ ഒരാൾക്ക് വെട്ടിക്കാനാവൂ. അതൊഴിവാക്കാനെന്ന പേരിൽ ലക്ഷങ്ങളുടെ സബ്സിഡിയൊന്നിച്ച് ഒരു റാക്കറ്റിന് പതിവായി വെട്ടിപ്പു നടത്താൻ സൗകര്യമൊരുക്കി കൊടുക്കുകയാണ് നഗരസഭ ചെയ്യുന്നത്. ചേമഞ്ചേരി,ചെങ്ങോട്ടുകാവ്, മൂടാടി, ഉള്ള്യേരി തുടങ്ങിയ നഗരസഭയുടെ ചുറ്റുപാടുമുള്ള പഞ്ചായത്തുകൾ കർഷകർക്ക് അവർക്കിഷ്ടമുള്ള വളം വാങ്ങാൻ അവസരം നൽകുമ്പോൾ നഗരസഭാധികൃതർ വളം നേരിട്ട് വിതരണം ചെയ്യുന്നതിന് വാശി പിടിക്കുന്നതിന് പിന്നിലെ ചേതോവികാരം സംശയാസ്പദമാണ്.