പുതിയ പ്രതിപക്ഷ കൂട്ടായ്മ ഭാവി ഭാരതത്തിന് പ്രതീക്ഷ – സത്യൻ മൊകേരി
മേപ്പയ്യൂർ : രാജ്യത്ത് പുതുതായി രൂപീകരിക്കപ്പെട്ട ‘ഇന്ത്യ ‘എന്ന പ്രതിപക്ഷ കൂട്ടായ്മ ഭാവി ഭാരതത്തിന്റെ പ്രതീക്ഷയാണെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി പറഞ്ഞു. മേപ്പയ്യൂരിൽ സി.പി.ഐ. കൊയിലാണ്ടി മേഖലാ ലീഡേഴ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ ഒത്താശയോടെയാണ് മണിപ്പൂരിൽ കലാപം നടക്കുന്നത്. മണിപ്പൂർ കലാപത്തിനു പിറകിൽ കോർപ്പറേറ്റ് താൽപര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ ചർച്ച പോലും ചെയ്യാതെ ബില്ലുകൾ പാസ്സാക്കുന്നത് കോർപ്പറേറ്റ് താൽപര്യങ്ങൾക്കു വേണ്ടിയാണ്. വനാവകാശ ഭേദഗതി നിയമം ഇതിനുദാഹരണമാണ്. ആയിരക്കണക്കിന് ഏക്കർ വനഭൂമി അദാനി ഗ്രൂപ്പിന് പതിച്ചു നൽകാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിക്കേണ്ടതാണ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ വർഗ്ഗീയ ഫാസിസ്റ്റുകൾക്കെതിരായ രാഷ്ട്രീയ വിജയം നേടാൻ ‘ഇന്ത്യ,യെന്ന പുതിയ കൂട്ടായ്മക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ക്യാമ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി എന്ത് എന്തിന് എന്ന വിഷയത്തിൽ വി.എസ്. പ്രിൻസ്, വിവിധ വിഷയങ്ങളിൽ ജില്ലാസെക്രട്ടറി കെ.കെ. ബാലൻ മാസ്റ്റർ, പി. സുരേഷ് ബാബു, അഡ്വ.പി. ഗവാസ് എന്നിവർ ക്ലാസെടുത്തു. ജില്ലാ എക്സി. കമ്മിറ്റി അംഗം ആർ.ശശി ലീഡറായ ക്യാമ്പിൽ പി.ബാലഗോപാലൻ മാസ്റ്റർ സ്വാഗതവും ബാബു കൊളക്കണ്ടി നന്ദിയും പറഞ്ഞു.