ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 മീഡിയ ശില്‍പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു
ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 മീഡിയ ശില്‍പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനത്തെ മറ്റൊരു സുപ്രധാന കാമ്പയിനാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഏതെങ്കിലും കാരണത്താല്‍ വാക്‌സിന്‍ എടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തിട്ടുള്ളതോ ആയ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കുവാനും കൊവിഡ് മഹാമാരി മൂലം പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയില്‍ ഉണ്ടായിട്ടുള കുറവ് നികത്തുവാനുമായാണ് ഈ വര്‍ഷം മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 നടപ്പിലാക്കുന്നത്. കുട്ടികളും ഗര്‍ഭിണികളും പൂര്‍ണമായി വാക്‌സിന്‍ എടുക്കാത്തതുമൂലം ഒരു പ്രദേശത്ത് ഉണ്ടാകാന്‍ സാധ്യതയുളള രോഗാതുരതയും മരണവും കുറയ്ക്കുന്നതിനായി ഈ തീവ്രയജ്ഞ പരിപാടി എല്ലാ ജില്ലകളിലും നടപ്പിലാക്കുന്നു. ഇതിനായി എല്ലാവരുടേയും പിന്തുണയും മന്ത്രി അഭ്യര്‍ത്ഥിച്ചു.
ആരോഗ്യ വകുപ്പ് ഡയറക്ടര്‍ കെ.ജെ. റീന അധ്യക്ഷത വഹിച്ച ചടങ്ങില്‍ യൂണിസെഫ് കേരള, തമിഴ്‌നാട് ഫീല്‍ഡ് ഓഫീസ് ചീഫ് കെ.എല്‍. റാവു, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി എന്നിവര്‍ സംസാരിച്ചു. യൂണിസെഫ് ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് ഡോ. കൗശിക് ഗാംഗുലി, കമ്മ്യൂണിക്കേഷന്‍ സ്‌പെഷ്യലിസ്റ്റ് ദിവ്യ ശ്യാം സുധീര്‍ ബണ്ടി, ഡബ്ല്യു എച്ച് ഒ സര്‍വയലന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സി പ്രതാപ ചന്ദ്രന്‍, അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി മീനാക്ഷി, എസ് എ ടി ആശുപത്രി അസി. പ്രൊഫസര്‍ ഡോ. പ്രിയ ശ്രീനിവാസന്‍, സ്റ്റേറ്റ് മാസ് മീഡിയ ഓഫീസര്‍ കെ.എന്‍. അജയ് എന്നിവര്‍ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് സംസാരിച്ചു.
മൂന്ന് ഘട്ടങ്ങളിലായാണ് മിഷന്‍ ഇന്ദ്രധനുഷ് 5.0 നടത്തുന്നത്. ഒന്നാം ഘട്ടം ആഗസ്റ്റ് 7 മുതല്‍ 12 വരെയും രണ്ടാം ഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ 16 വരെയും മുന്നാം ഘട്ടം ഒക്ടോബര്‍ 9 മുതല്‍ 14 വരേയുമാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും മിഷന്‍ ഇന്ദ്രധനുഷ് 5.0 നടപ്പിലാക്കുന്നുണ്ടെങ്കിലും തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നുണ്ട്.