പ്ലസ്ടു പരീക്ഷ പാസായവര്‍ക്ക് ലേണേഴ്സ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസന്‍സ് ;പദ്ധതി അന്തിമ ഘട്ടത്തില്‍
സംസ്ഥാനത്ത് പ്ലസ് ടു പഠനത്തിനൊപ്പം ലേണേഴ്സ് ലൈസന്‍സും നല്കാന് സര്‍ക്കാര്‍ പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ് ഗതാഗതമന്ത്രി ആന്റണി രാജു. പ്ലസ്ടു പരീക്ഷ പാസായവര്‍ക്ക് ലേണേഴ്സ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസന്‍സ് എടുക്കാവുന്ന പദ്ധതി പരിഗണനയിലാണെന്ന് ആന്റണി രാജു പറഞ്ഞു.
റോഡ് സുരക്ഷാ അവബോധം സ്കൂള്‍ തലത്തില്‍ തന്നെ ആരംഭിക്കുന്നതിന് മുന്നോടിയായി ഹയര്‍ സെക്കന്‍ഡറി വിഭാഗം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ പരിഗണിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള പുസ്തകങ്ങള്‍ തയ്യാറാക്കി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും സമര്‍പ്പിച്ചതായും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് പ്ലസ്ടു പാസാകുന്ന ഏതൊരാള്‍ക്കും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിനൊപ്പം ലേണേഴ്സ് സര്‍ട്ടിഫിക്കറ്റും നല്‍കാനാണ് പദ്ധതി. ഇതിനുവേണ്ടി പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ റോഡ് നിയമവും ഗതാഗത നിയമവും ഉള്‍പ്പെടെ ലേണേഴ്സ് സര്‍ട്ടിഫിക്കറ്റിന് ആവശ്യമായ കാര്യങ്ങളെല്ലാം പഠിപ്പിക്കും.
പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതോടെ ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ ഗതാഗത നിയമത്തേക്കുറിച്ച് ബോധവാന്മാരാകുമെന്നും ഇത് വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ സഹായകമാകുമെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ ലേണിങ് ടെസ്റ്റിനായി സര്‍ക്കാരിന് വരുന്ന ചെലവുകള്‍ കുറയ്ക്കാനും സാധിക്കും.