“എല്ലാവർക്കും തൊഴിൽ എല്ലാവർക്കും വരുമാനം” എന്ന മുദ്രാവാക്യവുമായി കഴിഞ്ഞ 25 വർഷമായി പ്രവർത്തിക്കുന്ന “സ്വദേശി”, മില്ലറ്റിനെ കുറിച്ചുള്ള പ്രചാരണ പരിപാടി സംഘടിപ്പിച്ചു
കോഴിക്കോട്: മഹാത്മജിയുടെ ആദർശങ്ങളിൽ അടിയുറച്ച് സ്വയം പര്യാപ്തതയോടെ “എല്ലാവർക്കും തൊഴിൽ എല്ലാവർക്കും വരുമാനം” എന്ന മുദ്രാവാക്യവുമായി കഴിഞ്ഞ 25 വർഷമായി പ്രവർത്തിക്കുന്ന “സ്വദേശി”, മില്ലറ്റിനെ കുറിച്ചുള്ള പ്രചാരണ പരിപാടി സംഘടിപ്പിച്ചു. ഗാന്ധി ഗൃഹത്തിലെ കസ്തൂർബാ ഹാളിൽ നടന്ന പരിപാടി, മില്ലറ്റ് മിഷൻ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ ഉദ്ഘാടനം ചെയ്തു.
ജീവിതശൈലി രോഗങ്ങളാൽ നട്ടംതിരിയുന്ന ഒരു നാടിന് അനുഗ്രഹമാണ് മില്ലറ്റുകൾ എന്നും മില്ലറ്റിന്റെ ഉപയോഗം പരമാവധി ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. സ്വദേശി പ്രസിഡണ്ട് സി കെ വിനിരാജ് അധ്യക്ഷനായി. ചന്ദ്രദാസ് തിരുവനന്തപുരം മില്ലറ്റിനെ കുറിച്ച് ക്ലാസ്സെടുത്തു. പോസിറ്റീവ് മില്ലറ്റുകൾ, ന്യൂട്രൽ മില്ലറ്റുകൾ ഇവ ഏതൊക്കെ ആണെന്നും ഓരോന്നിന്റെയും ഗുണഗണങ്ങളും ഉപയോഗ രീതികളും ക്ലാസ്സിൽ വിവരിച്ചു. ഓരോ രോഗങ്ങൾക്കും ഏത് രീതിയിൽ മില്ലറ്റിനെ ഉപയോഗപ്പെടുത്താം എന്നും അദ്ദേഹം പറഞ്ഞു. ബേബി ഗീത, പി പി ശശീന്ദ്രൻ തുടങ്ങിയവരും സംസാരിച്ചു.