CALICUT

വനിത വികസന കോർപ്പറേഷൻ മെഗാ മേള; സ്ത്രീകളുടെ ബുള്ളറ്റ് യാത്ര സംഘടിപ്പിച്ചു

ഓണത്തോടനുബന്ധിച്ച്  വനിത വികസന കോർപ്പറേഷൻ വനിതാ സംരംഭകർക്കായി ഒരുക്കുന്ന പ്രദർശന വിപണന മേള ‘എസ്കലേറ’യുടെ പ്രചരണത്തിന്റെ ഭാഗമായി സ്ത്രീകളുടെ ബുള്ളറ്റ് യാത്ര സംഘടിപ്പിച്ചു. കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ നിന്നും ആരംഭിച്ച യാത്ര കാനത്തിൽ ജമീല എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. റാലി നഗരം ചുറ്റി സൗത്ത് ബീച്ചിൽ അവസാനിച്ചു.

കേരളത്തിലെ വനിതകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് നടത്തുന്ന മേള ആഗസ്റ്റ് 21ന് രാവിലെ 10 മണിക്ക്‌ ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം നിർവഹിക്കും. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ അധ്യക്ഷത വഹിക്കും. കേരളത്തിന് അകത്തും പുറത്തും നിന്നുമുള്ള 200 വനിതാ സംരംഭകരെ അണിനിരത്തിയാണ് സംസ്ഥാന വനിത വികസന കോർപ്പറേഷന്റെ മെഗാമേള സംഘടിപ്പിക്കുന്നത്.

സംരംഭകരുടെ തനത് ഉൽപന്നങ്ങളാണ് മേളയിലുള്ളത്. റെഡിമേയ്ഡ് കൈത്തറി വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, കരകൗശല വസ്തുക്കൾ, കളിമൺ ഉൽപന്നങ്ങൾ, ഭക്ഷ്യ ഉൽപന്നങ്ങൾ ശുദ്ധമായ തേൻ, സൗന്ദര്യവർദ്ധക വസ്തുക്കൾ, മറയൂർ ശർക്കര തുടങ്ങിയ ഉൽപന്നങ്ങൾ മേളയിലുണ്ടാകും.

ബീച്ചിൽ നടന്ന പരിപാടിയിൽ വനിതാ വികസന കോർപ്പറേഷൻ എം.ഡി ബിന്ദു വി.സി, എച്ച് ആർ ഹെഡ് എ.സ്റ്റാൻലി, കോഴിക്കോട് റീജിണയൽ മാനേജർ ഫൈസൽ മുനീർ കെ, പ്രൊജക്ട്സ് മാനേജർ ആശ എസ് എന്നിവർ പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button