CALICUTDISTRICT NEWS

പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ഇരുചക്രവാഹനം ഓടിക്കാന്‍ നല്‍കിയതിന് അമ്മമാര്‍ക്ക് പിഴചുമത്തി കോടതി

വടകര: പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ഇരുചക്രവാഹനം ഓടിക്കാന്‍ നല്‍കിയതിന് അമ്മമാര്‍ക്ക് പിഴചുമത്തി കോടതി. വടകരയിലും തലശ്ശേരിയിലുമാണ് കോടതികള്‍ അമ്മമാരെ ശിക്ഷിച്ചത്. 16-കാരനായ മകന് ബൈക്ക് ഓടിക്കാന്‍ നല്‍കിയ തലശ്ശേരി ചൊക്ലി കവിയൂര്‍ സ്വദേശിനിക്ക് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 30,000 രൂപയാണ് പിഴ വിധിച്ചത്.

സ്‌കൂള്‍വിദ്യാര്‍ഥിയായ മകന്‍ ഏപ്രില്‍ മൂന്നിന് കവിയൂര്‍-പെരിങ്ങാടി റോഡില്‍ അപകടകരമായ നിലയില്‍ ബൈക്ക് ഓടിച്ചിരുന്നു. ചൊക്‌ളി സബ് ഇന്‍സ്‌പെക്ടര്‍ കൈകാണിച്ചിട്ടും നിര്‍ത്തിയില്ല. വാഹന ഉടമ ജീവിച്ചിരിപ്പില്ലെന്നും വാഹനം കൈവശംവെച്ച് കുട്ടിക്ക് ഓടിക്കാന്‍ നല്‍കിയത് മാതാവാണെന്നും കണ്ടെത്തി. തുടര്‍ന്നാണ് ചൊക്‌ളി പോലീസ് കുറ്റപത്രം നല്‍കിയത്.

മകന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ വടകര മടപ്പള്ളി സ്വദേശിനിക്കാണ് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ.വി. ഷീജ 30,200 രൂപ പിഴയും കോടതി പിരിയുംവരെ തടവും വിധിച്ചത്. ചോമ്പാല പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലാണ് ശിക്ഷ. വാഹന രജിസ്ട്രേഷന്‍ ഒരുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനും കോടതി ഉത്തരവിട്ടു.

പതിനെട്ടുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ വാഹനവുമായി നിരത്തിലിറങ്ങി പിടിയിലായാല്‍ രക്ഷിതാക്കളുടെപേരില്‍ കേസെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. നിയമം കര്‍ശനമായി നടപ്പാക്കി കുട്ടിഡ്രൈവര്‍മാരെ നിരത്തില്‍നിന്നൊഴിവാക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമായി വിശദീകരിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ നിയമലംഘനം നടത്തുകയോ ചെയ്താല്‍ വാഹനം നല്‍കിയ രക്ഷിതാവിന്/വാഹന ഉടമയ്ക്ക് 25,000 രൂപ പിഴയും മൂന്നുവര്‍ഷം തടവും ലഭിക്കും. വാഹനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒരുവര്‍ഷത്തേക്ക് റദ്ദാക്കും. വാഹനം ഓടിച്ച കുട്ടിക്ക് ഏഴുവര്‍ഷം കഴിഞ്ഞ് മാത്രമേ ലൈസന്‍സിന് അപേക്ഷിക്കാന്‍ പറ്റൂ. അതായത് 18 വയസ്സായാലും ലൈസന്‍സ് കിട്ടില്ല. മോട്ടോര്‍ വാഹനനിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ ഭേദഗതികള്‍ 2019-ലാണ് നിലവില്‍ വന്നത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button