CALICUTDISTRICT NEWS
സൗരോര്‍ജ്ജ പ്രഭയില്‍ ജില്ലാ പഞ്ചായത്ത്
ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച സൗരോര്‍ജ്ജ പദ്ധതി ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 43 സ്‌കൂളിലും ജില്ലാ പഞ്ചായത്ത് ഓഫീസുകളിലും പ്രവൃത്തി പൂര്‍ത്തീകരിക്കുകയും 42 സ്‌കൂളുകളില്‍ വൈദ്യുതി ഉത്പാദനം ആരംഭിച്ചതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. ജില്ലയിലെ വൈദ്യുതി ഉത്പാദനം പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനം സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെയും ഹെഡ്മാസ്റ്ററുടെയും യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. പദ്ധതി പൂര്‍ത്തീകരണത്തിലൂടെ വൈദ്യുത ഉത്പാദനരംഗത്ത് സ്വയംപര്യാപ്തമാവുന്ന രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്തായി മാറുകയാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ജനുവരിയില്‍ നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു.
480 കിലോ വാട്ട് വൈദ്യുതിയാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. 25 വര്‍ഷത്തേക്ക് വൈദ്യുതി ചാര്‍ജ് അടയ്‌ക്കേണ്ട ആവശ്യം വരുന്നില്ല. അഞ്ച് വര്‍ഷക്കാലത്തേക്ക് കെഎസ്ഇബി എനര്‍ജി സേവിങ്‌സ് നേതൃത്വത്തില്‍ പരിപാലനം നടത്തും. മൂന്നരക്കോടി രൂപ കെഎസ്ഇബിയില്‍ ഡിപ്പോസിറ്റ് ചെയ്തു ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ആണ് ക്ഷേമ പവര്‍ കമ്പനിയാണ് സോളാര്‍ പാനല്‍ സ്ഥാപിച്ചത്. യോഗത്തില്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും ചര്‍ച്ച ചെയ്തു. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ബോസ് ജേക്കബ്, കെഎസ്ഇബി എനര്‍ജി സേവിങ്‌സ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി രാധാകൃഷ്ണന്‍ നായര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.എസ് രഞ്ജിത്ത്, വടകര എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.പി സുരേഷ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അംഗം മുക്കം മുഹമ്മദ്, സെക്രട്ടറി വി ബാബു എന്നിവര്‍ പങ്കെടുത്തു.
Comments