2022 ലെ ഭിന്നശേഷി അവാർഡ്; കോഴിക്കോട് ജില്ലയ്ക്ക് അഭിമാന നേട്ടം

2022 ലെ ഭിന്നശേഷി അവാർഡ് പ്രഖ്യാപിച്ചപ്പോൾ കോഴിക്കോട് ജില്ലയ്ക്ക് അഭിമാന നേട്ടം. ഏറ്റവും നല്ല ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേഷനുള്ള അവാർഡും ഭിന്നശേഷി വിഭാഗത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച റോൾ മോഡൽ അവാർഡും കോഴിക്കോട് നേടി. കോട്ടൂളി അരിപ്പുറത്ത് ശ്രേയസിൽ ധന്യ പി യ്ക്കാണ് മികച്ച റോൾ മോഡൽ അവാർഡ് ലഭിച്ചത്. ധന്യ മൂന്നുവർഷം തുടർച്ചയായി ഹൈസ്കൂൾ കലോത്സവത്തിൽ ഭരതനാട്യത്തിന് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കൂടാതെ 76 ഓളം വേദികളിൽ നൃത്തം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഈ കലാകാരി.

ഭിന്നശേഷിക്കാർക്കുവേണ്ടി വിവിധ പദ്ധതികൾ നടപ്പിലാക്കിയ ഏറ്റവും നല്ല ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേഷനുള്ള അവാർഡാണ് ജില്ലാ ഭരണകൂടം നേടിയത്. ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർക്കായി ‘ഒപ്പം’ പദ്ധതിയും’ ക്രാഡിൽ ആപ്പും’ ഉൾപ്പെടെ വിവിധ പദ്ധതികളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ചു നടപ്പാക്കിയത്. ഭിന്നശേഷിയുള്ളവർ ഉൾപ്പടെയുള്ള പൊതുജനങ്ങൾക്കായി അവരുടെ പരാതികൾ പരിഹരിക്കാൻ പ്രാപ്തരാക്കുന്ന ഒരു ബഹുജന സമ്പർക്ക പരിപാടിയാണ് ‘ഒപ്പം’. ക്രാഡിൽ ആപ്പ് കുട്ടികളുടെ വളർച്ചയുടെ ഘട്ടങ്ങൾ, വളർച്ച ക്രമക്കേടുകൾ നേരത്തെ കണ്ടെത്തൽ, കുട്ടിയുടെ വളർച്ചയുമായി ബന്ധപ്പെട്ട മറ്റു സുപ്രധാന വിവരങ്ങൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കാൻ രക്ഷിതാക്കളെ സഹായിക്കുന്നു.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കും കുടുംബാംഗങ്ങൾക്കുമായി ഇ ശ്രം രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുകയും ലോക സെറിബ്രൽ പാൾസി ദിനമായ ഒക്ടോബർ 26 ന് കോഴിക്കോട് ബീച്ചിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കടൽ കാണാനും വിനോദത്തിനുമുള്ള അവസരമൊരുക്കുകയും ചെയ്തിരുന്നു. ഭിന്ന ശേഷിക്കാർക്കു വേണ്ടി സംസ്ഥാനത്ത് ആദ്യമായി നടത്തിയ പ്രത്യേക കോവിഡ് വാക്‌സിനേഷൻ ക്യാമ്പ്, എനാബിളിങ് കോഴിക്കോട്, ബാരിയർ ഫ്രീ സിവിൽ സ്റ്റേഷൻ, തുടങ്ങിയവയും അവാർഡിനായി പരിഗണിച്ചു.

Comments

COMMENTS

error: Content is protected !!