DISTRICT NEWSTHAMARASSERI

കൊടുവള്ളിയിൽ മയക്കുമരുന്ന് വില്‍പ്പന സംഘം സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു; താമരശ്ശേരി സ്വദേശി പിടിയില്‍

മയക്കുമരുന്ന് വില്‍പ്പന സംഘം സഞ്ചരിച്ച ബെന്‍സ് കാര്‍ അപകടത്തില്‍ പെട്ടു. കൊടുവള്ളി ആവിലോറയിലാണ് സംഭവം. മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പോവുകയായിരുന്ന കാറാണ് താഴ്ചയിലേക്ക് മറിഞ്ഞത്.ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കെ.എല്‍-57-എന്‍-6067 നമ്പറിലുള്ള ബെന്‍സ് കാറാണ് ആവിലോറ പാറക്കണ്ടി മുക്കില്‍ വച്ച് നിയന്ത്രണം വിട്ട് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് മറിഞ്ഞത്. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോള്‍ കാറിനുള്ളില്‍ അബോധാവസ്ഥയിലുള്ള രണ്ട് പേരെയാണ് കണ്ടത്.

പിന്നീട് ഉണര്‍ന്ന ഇവര്‍ കാറിനുള്ളില്‍ പരിശോധന നടത്തുന്നത് കണ്ട് നാട്ടുകാര്‍ നോക്കിയപ്പോഴാണ് മയക്കുമരുന്നും ഇലക്ട്രിക് തുലാസും കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ പിടികൂടുകയായിരുന്നു. പൊലീസ് വാഹനം പരിശോധിക്കുന്നതിനിടെ രണ്ടുപേരില്‍ ഒരാള്‍ ഓടിരക്ഷപ്പെട്ടു. കത്തറമ്മല്‍ പുത്തന്‍പീടികയില്‍ ഹബീബ് റഹ്മാന്‍ ആണ് ഓടിരക്ഷപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന താമരശ്ശേരി വെഴുപ്പൂര്‍ ചുണ്ടക്കുന്നുമ്മല്‍ അനുവിന്ദ് പൊലീസിന്റെ പിടിയിലായി.

കാറില്‍ നിന്ന് ഇവര്‍ ഒരു പൊതി പുറത്തേക്ക് വലിച്ചെറിഞ്ഞിരുന്നു. കൊടുവള്ളി എസ്.ഐ അനൂപ് അരീക്കരയുടെ നേതൃത്വത്തില്‍ പുറത്തും കാറിലും നടത്തിയ പരിശോധനയില്‍ കവറിലാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞതും പേഴ്സില്‍ ഒളിപ്പിച്ചതുമായ 3.5 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button