കോഴിക്കോട് സന്തോഷ് ട്രോഫി ആവേശത്തിലേക്ക്

കോഴിക്കോട്: സന്തോഷ് ട്രോഫിക്ക് ഒരിക്കൽക്കൂടി ആരവമുയരുമ്പോൾ നഗരം ഫുട്‌ബോൾ ലഹരിയിലേക്ക്. ദേശീയ ചാമ്പ്യൻഷിപ്പിന്റെ ദക്ഷിണമേഖലാ യോഗ്യതാമത്സരങ്ങളാണ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ അഞ്ചുമുതൽ പത്തുവരെ നടക്കുന്നത്.

 

ജില്ലാ ഫുട്‌ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ മത്സരങ്ങൾക്കുള്ള ഒരുക്കം തകൃതിയായി നടന്നുവരുകയാണ്. കേരളാ ടീമും കോഴിക്കോട്ടെത്തി പരിശീലനം തുടങ്ങിക്കഴിഞ്ഞു.

 

സ്വന്തം ആരാധകർക്ക് മുന്നിൽ കളിക്കുന്ന മുൻചാമ്പ്യന്മാരായ കേരളത്തിന് അവസാന വട്ടത്തിലേക്ക് യോഗ്യത നേടാനുള്ള അവസരമാണ് ടൂർണമെന്റ് നൽകുന്നത്. ആന്ധ്രപ്രദേശുമായി അഞ്ചിനും തമിഴ്‌നാടുമായി ഒമ്പതിനുമാണ് കേരളത്തിന്റെ മത്സരങ്ങൾ. ഗ്രൂപ്പ് ചാമ്പ്യന്മാരായാൽ ആതിഥേയർക്ക് യോഗ്യത നേടാം. ഗ്രൂപ്പിൽ തമിഴ്‌നാടാണ് കേരളത്തിന് ഭീഷണിയാവുകയെന്നാണ് കരുതുന്നത്. കഴിഞ്ഞവർഷം കേരളം ഫൈനൽ റൗണ്ട് കാണാതെ പുറത്തായിരുന്നു.

 

കാണികളുടെ അകമഴിഞ്ഞ പിന്തുണയാണ് ഫുട്‌ബോൾ ആരാധകരുടെ നഗരത്തിൽ കേരളം പ്രതീക്ഷിക്കുന്നത്. സ്റ്റേഡിയം കാണികളെക്കൊണ്ട് നിറയുമെന്ന് പരിശീലകൻ ബിനോ ജോർജും സംഘവും ആഗ്രഹിക്കുന്നു. സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് മത്സരം കാണാൻ അവസരമൊരുക്കാൻ ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ ശ്രമം നടത്തുന്നുണ്ടെന്ന് സെക്രട്ടറി ഹരിദാസ് പറഞ്ഞു. വളർന്നുവരുന്ന യുവതാരങ്ങൾക്ക് മികച്ച കളികാണാനുള്ള അവസരമാണ് ചാമ്പ്യൻഷിപ്പ് മുന്നോട്ടുവെക്കുന്നത്. വൈകീട്ട് നാലിന് തുടങ്ങുന്ന മത്സങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.

 

യുവതാരങ്ങൾക്ക് മുൻതൂക്കമുള്ള ടീമിനെയാണ് കോച്ച് ബിനോ കിരീടം തിരിച്ചുപിടിക്കാനായി കളത്തിലിറക്കുന്നത്. ഐ ലീഗിൽ മികച്ച പ്രകടനം നടത്തിയ ഗോകുലം കേരളയുടെ പരിശീലകനെന്ന നിലയിൽ നേടിയ അനുഭവസമ്പത്തുമായാണ് ബിനോ ടീമിന് തന്ത്രങ്ങൾ പകരുന്നത്. നഗരത്തിലെത്തിയ ടീം ദേവഗിരി സെയ്ന്റ് ജോസഫ്സ് കോളേജ് മൈതാനത്തിൽ വെള്ളിയാഴ്ച പരിശീലനം തുടങ്ങി.

 

മത്സരങ്ങൾക്കായി കോർപ്പറേഷൻ സ്റ്റേഡിയം ഒരുങ്ങുകയാണ്. ഐ ലീഗ് മത്സരങ്ങക്കായി ഗോകുലം കേരള ടീം ഗാലറികൾ ചായംപൂശി മനോഹരമാക്കിയിട്ടുണ്ട്. പുൽത്തകിടിയും നല്ല നിലയിൽ പരിപാലിക്കുന്നുണ്ട്. സ്റ്റേഡിയത്തിനകത്തെ കാടുപടലങ്ങൾ നീക്കുന്ന ജോലി നടന്നുവരുകയാണ്.

 

ഫിക്സ്‌ചർ

 

നവംബർ 5-കേരളം-ആന്ധ്രപ്രദേശ്

 

6-പുതുച്ചേരി-കർണാടക

 

7 -ആന്ധ്രപ്രദേശ്-തമിഴ്‌നാട്

 

8-കർണാടക-തെലങ്കാന

 

9-കേരളം-തമിഴ്‌നാട്

 

10-തെലങ്കാന-പുതുച്ചേരി
Comments

COMMENTS

error: Content is protected !!