Uncategorized

ഷാരോൺ കൊലക്കേസിൽ ​നീതിക്കായി ഏതറ്റം വരെയും പോകുമെന്ന് ഷാരോണിന്റെ പിതാവ് ജയരാജ്

പാറശ്ശാല ഷാരോൺ കൊലക്കേസില്‍ ​നീതിക്കായി ഏതറ്റം വരെയും പോകുമെന്ന് ഷാരോണിന്റെ പിതാവ് ജയരാജ്. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായും ഹൈക്കോടതിയിൽ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചുവെന്നും ​ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചതിനെ എതിർക്കാൻ സാധിച്ചില്ലെന്നും ജയരാജ് പറഞ്ഞു. പണവും സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നും ജയരാജ് ആരോപിച്ചു. മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകുമെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും ജയരാജ് പറഞ്ഞു. ഗ്രീഷ്മ വിദേശത്തേക്ക് കടക്കുമോ  എന്ന് ഭയമുണ്ട്. കേസ് നീട്ടി കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ടെന്നും ജയരാജ് സംശയമുന്നയിച്ചു. 

ഷാരോണിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ​ഗ്രീഷ്മക്ക് ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. പത്ത് മാസത്തെ ജയിൽവാസത്തിന് ശേഷമാണ് ​ഗ്രീഷ്മ ജാമ്യത്തിലിറങ്ങിയത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഗ്രീഷ്മ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാൻ തയ്യാറായില്ല. തമിഴ്നാട്ടിലേക്ക് കേസ് മാറ്റണമെന്ന ആവശ്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ ‘എന്റെ ആവശ്യങ്ങൾ ഞാൻ ഉള്ളവരോടു പറഞ്ഞോളാം. എനിക്ക് നിങ്ങളോടൊന്നും പറയാനില്ലെ’ന്നായിരുന്നു മറുപടി. 

അടുത്ത നടപടിയെന്താണെന്നുള്ളത് അതനുസരിച്ച് തീരുമാനിക്കുമെന്ന് ഗ്രീഷ്മ പറഞ്ഞു. കേസ് തമിഴ്നാട്ടിലേക്ക് മാറ്റണമോ എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണോയെന്ന ചോദ്യത്തോട് അത് കോടതിയിൽ ഉള്ള കാര്യമല്ലേ എന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി. കോടതിയിലുള്ള കാര്യങ്ങൾ കോടതി പരിഗണിക്കട്ടേയെന്ന് കൂടെയുണ്ടായിരുന്ന അഭിഭാഷകനും പറഞ്ഞു. കൂടുതൽ പ്രതികരണങ്ങള്‍ക്ക് നിൽക്കാതെ ഗ്രീഷ്മ ബന്ധുക്കള്‍ക്കൊപ്പം പോവുകയായിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button