Uncategorized

കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ആസ്ഥാന മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്ഘാടനം ചെയ്തു

കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ആസ്ഥാന മന്ദിര ഉദ്ഘാടനവും വൈജ്ഞാനിക പുരസ്‌കാര വിതരണവും 55-ാം വാർഷികാഘോഷ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഭാഷയുടെ വളർച്ചയ്ക്ക് ജനാധിപത്യപരമായ പദ സ്വീകാര്യതാ നയം പിന്തുടരണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ദൈനംദിന ജീവിതത്തിൽ മലയാളികൾ ഉപയോഗിക്കുന്ന അന്യഭാഷാ പദങ്ങളെയടക്കം നമ്മുടെ ഭാഷാ പദങ്ങളായിക്കണ്ടു സ്വീകരിക്കാനും ഉപയോഗത്തിൽ കൊണ്ടുവരാനുമാകണം. ആഗോളതലത്തിൽ വളർന്ന ഭാഷകളെല്ലാം ഇത്തരം രീതികൾ അവലംബിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

മലയാളം ഉൾപ്പെടെയുള്ള മാതൃഭാഷകളെ അരികുവത്കരിച്ചുകൊണ്ട് ഒരു രാജ്യം ഒരു ഭാഷ എന്ന തരത്തിലുള്ള മുദ്രാവാക്യം ഉയർത്തുന്നതു രാജ്യത്തിന്റെ സംസ്‌കാരത്തിനും ചരിത്രത്തിനും വിരുദ്ധമാണ്. വിവിധ ഭാഷകളിൽ എഴുതപ്പെട്ടതെങ്കിലും ഒരേ ആശയം മുന്നോട്ടുവയ്ക്കുന്ന സാമ്രാജ്യത്വ വിരുദ്ധ ഗാനങ്ങൾ ആ ചരിത്രത്തെയും സംസ്‌കാരത്തെയും വ്യക്തമാക്കുന്നതാണ്. ഒരു കാര്യം പലയിടങ്ങളിലേക്കു പല ഭാഷകളിൽ എത്തി. ഇത്തരത്തിൽ പല ഭാഷകളിൽനിന്ന് ഉയർന്ന മുദ്രാവാക്യങ്ങൾ സമന്വയിപ്പിച്ചാണു രാജ്യത്തിന്റെ അധിനിവേശ വിരുദ്ധ ദേശീയത രൂപപ്പെട്ടത്. വിവിധ ഭാഷകൾ നാടിന്റെ സംസ്‌കാരത്തെയും ചരിത്രത്തെയും മുന്നോട്ടു കൊണ്ടുപോകുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഒറ്റ ഭാഷയെന്ന വാദം വിവിധ്യ സമൃദ്ധമായ രാജ്യത്തിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയാണ്. രാജ്യത്തെ തനതായ വൈവിധ്യങ്ങളുടെ സംരക്ഷണത്തിന് ഉതകുന്ന ഇടപെടലുകൾ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങൾ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എൻ വി കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്‌കാരം അഭിലാഷ് മലയിലിനും ഡോ. കെ എം. ജോർജ് സ്മാരക ഗവേഷണ പുരസ്‌കാരം ഡോ. അശോക് എ. ഡിക്രൂസ്, ഡോ. ഇ. രതീഷ് എന്നിവർക്കും എം.പി. കുമാരൻ സ്മാരക വിവർത്തന പുരസ്‌കാരം ആശാലതയ്ക്കും മുഖ്യമന്ത്രി സമ്മാനിച്ചു. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ ആര്യ രാജേന്ദ്രൻ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഡയറക്ടർ എൻ. മായ എന്നിവരും പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button