കുറ്റ്യാടിയിൽ പൊലീസ് സ്റ്റേഷന് സമീപം ജീവനൊടുക്കിയ സിവിൽ പൊലീസ് ഓഫീസറുടെ മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് മാറ്റുന്നത് തടഞ്ഞ് നാട്ടുകാർ
കുറ്റ്യാടിയിൽ പൊലീസ് സ്റ്റേഷന് സമീപം ജീവനൊടുക്കിയ സിവിൽ പൊലീസ് ഓഫീസറുടെ മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് മാറ്റുന്നത് തടഞ്ഞ് നാട്ടുകാർ. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ തടഞ്ഞത്. രാത്രിയിൽ ഇൻക്വസ്റ്റ് നടത്തിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സുധീഷാണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്കാണ് മാറ്റാൻ ശ്രമിച്ചത്. എന്നാൽ നൂറോളം വരുന്ന നാട്ടുകാർ ഇത് തടയുകയായിരുന്നു.
ജോലിയുമായി ബന്ധപ്പെട്ട് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് സുധീഷിന് സമ്മർദ്ദമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതിൻ്റെ കൂടെ പശ്ചാത്തലത്തിലാണ് നാട്ടുകാരുടെ പ്രതിഷേധം.
ഇന്നലെ രാവിലെ മുതൽ ഇയാളെ സ്റ്റേഷനിൽ നിന്ന് കാണാതായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ സ്റ്റേഷന് സമീപത്തെ കെട്ടിടത്തിന്‍റെ ആളൊഴിഞ്ഞ പാർക്കിംഗ് ഗ്രൗണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വകാര്യ ചിട്ടി കമ്പനി തട്ടിപ്പ് കേസിൽ അന്വേഷണ സംഘത്തിലുണ്ടായിരുന്നയാളാണ് സുധീഷ്. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയ സാഹചര്യത്തിൽ കേസ് ഫയൽ അപ്ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാനസിക സമ്മർദത്തിലായിരുന്നു. ഇതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.