Uncategorized

സംസ്ഥാനത്ത് ബസുടമകൾ നടത്താനിരിക്കുന്ന സമരം അനാവശ്യമാണെന്ന് ഗതാഗത മന്ത്രി

സംസ്ഥാനത്ത് ബസുടമകൾ നടത്താനിരിക്കുന്ന സമരം അനാവശ്യമാണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയ നിർദ്ദേശം, എഐ ക്യാമറ ഘടിപ്പിച്ച ഘട്ടത്തിൽ തന്നെ ബസുടമകൾക്ക് നൽകിയതാണ്. ഇത് കേന്ദ്രനിയമമാണ്. അത് നടപ്പാക്കാൻ തന്നെയാണ് സർക്കാരിന്‍റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം 31 ന് സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ഗതാഗത മന്ത്രിയുടെ പ്രതികരണം.

സ്വകാര്യ ബസ് സമരത്തെപ്പറ്റി വാർത്ത കണ്ട അറിവ് മാത്രമാണ് തനിക്കുള്ളത്. ഇവരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ബസുടമകൾക്ക് ഉറപ്പ് നൽകിയിരുന്നു. അതിദരിദ്ര വിഭാഗത്തിലുള്ള കുട്ടികൾക്ക് സൗജന്യ യാത്ര നൽകാൻ ബസുടമകൾക്ക് സാമൂഹ്യ പ്രതിബദ്ധതയുണ്ടെങ്കിൽ അത് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥി കൺസഷൻ പഠിക്കാൻ കമ്മിറ്റി ഉണ്ടെന്നും സർക്കാർ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ബസുകളിൽ ക്യാമറ ഘടിപ്പിക്കണമെന്ന നിർദ്ദേശം ഉയർന്നത് ബസ് ജീവനക്കാരെ കള്ളക്കേസിൽ പെടുത്തുന്നുവെന്ന പരാതിയെ തുടർന്നാണ്. ബസുകളിൽ ക്യാമറ ദൃശ്യങ്ങൾ വഴി അപകടങ്ങളിൽ ആരുടെ ഭാഗത്താണ് തെറ്റെന്ന് കണ്ടെത്താൻ കഴിഞ്ഞു. സ്വകാര്യ ബസുടമകളുടെ ആവശ്യം പരിഗണിച്ച് അതിന് 2 മാസം സമയം നീട്ടി നൽകിയതാണ്. വീണ്ടും ഗുണനിലവാരമുള്ള ക്യാമറകൾ കിട്ടാനില്ലെന്ന് പറഞ്ഞ് 7-8 മാസം അധിക സമയം നൽകി. ഇപ്പോൾ അവിചാരിതമായി അവർ തന്നെ സമരം പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  നവംബര്‍ 1 മുതല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റിന് വരുന്ന ബസുകളില്‍ ക്യാമറ ഘടിപ്പിക്കണം എന്ന നിലയിലേക്ക് സര്‍ക്കാര്‍ ഉത്തരവ് പുതുക്കണമെന്ന ബസുടമകള്‍ മുന്നോട്ട് വെച്ച ആവശ്യം  സര്‍ക്കാര്‍ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button