28-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെല്ല് ഉദ്‌ഘാടനം ചെയ്തു

തിരുവനന്തപുരം: 28-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്‌ഘാടനം തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ നിർവ്വഹിച്ചു. ഡിസംബർ എട്ടിന് വൈകിട്ട് ആറ് മണിക്ക് നിശാഗന്ധിയിൽ 28-ാമത് രാജ്യാന്തര ചലച്ചിത്ര മേളക്ക് ഔദ്യോഗികമായി തിരിതെളിയും. പ്രധാന വേദിയായ ടാഗോർ തീയേറ്ററിൽ ഡെലിഗേറ്റ് പാസ്സ് വിതരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. എട്ട് ദിവസം നീണ്ടു നിൽക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ആദ്യ ഡെലിഗേറ്റ് പാസ് സംവിധായകൻ ശ്യാമ പ്രസാദ് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ വിൻസി അലോയ്ഷ്യസിന് കൈമാറി. ആർട്ടിസ്റ്റിക് ഡയറക്‌ടർക്ക് പകരം ഇത്തവണ ഫ്രഞ്ച് പ്രൊഡ്യൂസറും പ്രോഗ്രാമറുമായ ഗോൾഡ സെല്ലം ക്യൂറേറ്ററായി പ്രവർത്തിക്കും.
മേളയെ കുറിച്ച് സംവിധായകൻ ശ്യാമപ്രസാദ് വാചാലനായി.ഡെലിഗേറ്റ് കിറ്റ് വിതരണം തുടങ്ങിയതോടെ പ്രധാന വേദിയായ ടാഗോർ തീയറ്ററിൽ തിരക്കേറി. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്കാണ് ചലച്ചിത്രോത്സവത്തിന്റെ ഉദ്‌ഘാടന സമ്മേളനം. ആദ്യ ദിനം നവാഗത സുഡാനിയൻ സംവിധായകൻ മുഹമ്മദ് കൊർദോഫാനിയുടെ “ഗുഡ്ബൈ ജൂലിയ” പ്രദർശിപ്പിക്കും. സ്‌പിരിറ്റ് ഓഫ് സിനിമ അവാർഡ് കെനിയൻ സംവിധായിക വനൂരി കഹിയുവിന് ഉദ്ഘാടന ചടങ്ങിൽ കൈമാറും. ഉദ്ഘാടന ചിത്രം ഉൾപ്പെടെ 20 ഓളം വിഭാഗങ്ങളിലായി 180 ലേറെ സിനിമകളാണ് ഇത്തവണ മേളയിലെത്തുന്നത്. കൺട്രി ഫോക്കസ് വിഭാഗത്തിൽ ക്യൂബൻ ചിത്രങ്ങളാണ് എത്തുന്നതെങ്കിലും. ഏഷ്യൻ ആഫ്രിക്കൻ സിനിമകളാണ് ഇത്തവണ മേളയിൽ കൂടുതലായി പ്രദർശിപ്പിക്കുന്നത്.
നഗരത്തിലെ 15 തീയേറ്ററുകളിലാണ് മേള നടക്കുന്നത്. ഇതിൽ 14 എണ്ണത്തിൽ പൊതുജനങ്ങൾക്കായുള്ള പ്രദർശനവും ഒരെണ്ണത്തിൽ ജൂറിക്കുള്ള പ്രദർശനവും നടക്കും. 8488 സീറ്റുകളിലും ബുക്കിംഗ് പൂർത്തിയായിട്ടുണ്ട്. എന്നാൽ 500 ലധികം സ്റ്റുഡന്‍റ് ഡെലിഗേറ്റുകൾ ഇതിന് പുറമെ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ജി എസ് ടി ഉൾപ്പെടെ 1180 രൂപയാണ് ഇത്തവണ ഡെലിഗേറ്റ് ഫീസ്, വിദ്യാർത്ഥികൾക്ക് 590 രൂപയാണ് ഫീസ്. വൻ ജനപങ്കാളിത്തമാണ് മേളയുടെ ഭാഗമായി ഇത്തവണ സംഘാടകർ പ്രതീക്ഷിക്കുന്നത്. മേളയിൽ കഴിഞ്ഞ തവണത്തെ പോലെ ബസിന്‍റെ സൗജന്യ സർവീസ് ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭ കെഎസ്ആർടിസിക്ക് കത്ത് നൽകിയിട്ടുണ്ട്. എന്നാൽ ശബരിമല സീസണായതിനാൽ ബസുകൾ അനുവദിക്കുന്ന കാര്യത്തിൽ കെഎസ്ആർടിസി വ്യക്തത നൽകിയിട്ടില്ല.