പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തില്‍ ദീപാലങ്കാരമൊരുക്കും: മന്ത്രി മുഹമ്മദ് റിയാസ്
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിൽ പ്രധാന കേന്ദ്രങ്ങളില്‍ തീം ബേസ്ഡ് ഇല്യൂമിനേഷന്‍ ഒരുക്കാന്‍ തീരുമാനം. ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 27 മുതല്‍ ജനുവരി രണ്ടു മാനാഞ്ചിറ കേന്ദ്രമാക്കി ബീച്ച് വരെ ആകര്‍ഷകമായ ദീപാലങ്കാരം ഒരുക്കും. സ്റ്റേറ്റ് ഓഫ് ഹാപ്പിനസ് ആന്റ് ഹാര്‍മണി എന്ന തീം അടിസ്ഥാനമാക്കിയാണ് ദീപാലങ്കാരം എന്ന് ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ആലോചനാ യോഗത്തില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.
ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ദീപാലങ്കാരത്തിന്റെ ഉദ്ഘാടനം മാനാഞ്ചിറ സ്‌ക്വയറില്‍ ഡിസംബര്‍ 27ന് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ഇതോടനുബന്ധിച്ച് കോഴിക്കോട്ടെ സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കന്മാരുടെ സാന്നിധ്യത്തിൽ കേക്ക് മുറിക്കും. മാനാഞ്ചിറയ്ക്കു പുറമേ സി എച്ച് പാലം മുതല്‍ കോഴിക്കോട് ബീച്ച് വരെയും ദീപങ്ങളാല്‍ അലങ്കരിക്കും. ഇല്യൂമിനേഷന്റെ പ്രചരണാര്‍ത്ഥം ദീപങ്ങളാല്‍ അലങ്കരിച്ച 10 ഓട്ടോറിക്ഷകള്‍ നഗരത്തില്‍ പ്രയാണം നടത്തും.
യോഗത്തില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ്, ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, ജില്ലാ പോലീസ് മേധാവി രാജ് പാല്‍ മീണ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ സത്യജിത്ത് ശങ്കര്‍, ടൂറിസം ജോയിന്റ് ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍, കെടിഐഎല്‍ ചെയര്‍മാന്‍ എസ്‌കെ സജീഷ് എന്നിവര്‍ പങ്കെടുത്തു.