ബുള്ളറ്റ് ട്രെയിൻ ഓടിക്കാൻ തയ്യാറെടുക്കുമ്പോഴും സ്റ്റേഷൻ ശുചീകരണത്തിന് പണമില്ലാതെ റെയിൽവെ
![](https://calicutpost.com/wp-content/uploads/2023/12/01-15.jpg)
പാലക്കാട് ഡിവിഷനു കീഴിലുളള ചെറിയ സ്റ്റേഷനുകളിലാണ് ശുചീകരണത്തിന് പണം അനുവദിക്കാത്ത സ്ഥിതിയുള്ളത്. ശുചീകരണത്തിന് സംവിധാനമില്ലാത്തതിനാൽ പല സ്റ്റേഷനുകളിലും പ്ലാറ്റ് ഫോം ചപ്പുചവറുകൾ കൊണ്ടും, ഭക്ഷണാവശിഷ്ടങ്ങൾ കൊണ്ടും മലിനമായിരിക്കുകയാണ്. വേസ്റ്റ് ബിന്നുകൾ നിറഞ്ഞ് കവിഞ്ഞിട്ട് പല ദിവസങ്ങളായി. തെരുവുപട്ടികളും, പൂച്ചകളും പ്ലാറ്റ് ഫോമിൽ ഈ വേസ്റ്റ് തേടിയെത്തുന്നുണ്ട്. കല്ലായി റെയിൽവേ സ്റ്റേഷനിൽ ഇത് സംബന്ധിച്ച ഒരു അറിയിപ്പ് പതിച്ചിട്ടുണ്ട്. സ്റ്റേഷൻ മാസ്റ്ററുടേതല്ലാത്ത കാരണത്താൽ സ്റ്റേഷേൻ ശുചീകരണത്തിന് തടസ്സമുണ്ടായെന്നും, യാത്രക്കാർ സഹകരിക്കണമെന്നുമാണ് അറിയിപ്പിൽ പറയുന്നത്. വലിയ സ്റ്റേഷനുകളിലും
തീവണ്ടിക്കകത്തെയും ശുചീകരണം സ്വകാര്യ സ്ഥാപനങ്ങളെ ഏൽപ്പിച്ചിട്ട് വർഷങ്ങളായെങ്കിലും ചെറിയ സ്റ്റേഷൻ ശുചീകരണം റെയിൽ വേ അനുവദിക്കുന്ന ഫണ്ട് ഉപയോഗിച്ച് സ്റ്റേഷൻ മാസ്റ്ററുടെ ചുമതലയിലാണ് നടത്തുന്നത്. എന്നാൽ കഴിഞ്ഞ നാലു മാസമായി ഈ ഫണ്ട് ലഭിക്കാത്ത സ്ഥിതിയാണ്.
സ്വന്തം കയ്യിൽ നിന്ന് പണം ഉപയോഗിച്ച് ശുചീകരണം നടത്തുന്ന ചില സ്റ്റേഷൻ മാസ്റ്റർമാരുമുണ്ട്. അത് തുടരാനാവാത്ത സ്ഥിതിയായപ്പോഴാണ് കല്ലായി സ്റ്റേഷനിലേത് പോലെ നിസ്സഹായതയുടെ പോസ്റ്റർ പതിക്കേണ്ടി വന്നത്. സ്ഥിരം യാത്രക്കാരായ സീസൺ ടിക്കറ്റ് യാത്രക്കാരുടെ സംഘടനകൾ ഈ കാര്യം അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. എന്നാൽ ജനപ്രതിനിധികളിൽ നിന്നും വേണ്ടത്ര ഇടപെടൽ ഉണ്ടാവുന്നില്ലെന്ന പരാതിയും യാത്രക്കാർക്കുണ്ട്. സ്റ്റേഷൻ ശുചീകരണത്തിനുളള ഫണ്ട് വൈകാതെ എത്തുമെന്ന പ്രതീക്ഷയിലാണ് കല്ലായി, ഫറോക്ക് മുതലായ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർമാർ.a