KERALA
കോഴിക്കോട് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനം സ്വന്തമാക്കി
കോഴിക്കോട്: കോഴിക്കോട് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനം സ്വന്തമാക്കി. യുനെസ്കോയുടെ സാഹിത്യ നഗരം പദവിക്ക് ശേഷം കോഴിക്കോട് വീണ്ടും പുതിയ നേട്ടം കൈവരിച്ചു .ആദ്യ പത്തിലുള്ള കേരളത്തിലെ ഏക നഗരവും കോഴിക്കോടാണ്.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോയുടെ കണക്കനുസരിച്ചാണ് 19 നഗരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനത്ത് കോഴിക്കോട് എത്തിയത്. കുറ്റകൃത്യങ്ങളുടെ നിരക്കിൽ താരതമ്യേന കുറവുളള നഗരങ്ങളാണ് സുരക്ഷിത നഗരങ്ങളുടെ പട്ടികയിലുളളത്. നഗരങ്ങളിലെ ജനസംഖ്യ അടിസ്ഥാനത്തിൽ എത്ര കുറ്റകൃത്യമുണ്ട് എന്ന് നോക്കിയാണ് എന്‍ സി ആര്‍ ബി പട്ടിക തയ്യാറാക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമവും മറ്റു പ്രത്യേക നിയമങ്ങൾ പ്രകാരമുളള കേസുകളാണ് അടിസ്ഥാനം.
കോഴിക്കോട് ഒരു ലക്ഷം ജനങ്ങള്‍ക്ക് 397.5 കുറ്റകൃത്യങ്ങൾ എന്നാണ് കണക്ക്. 20 ലക്ഷത്തിന് മുകളില്‍ ജനസംഖ്യ വരുന്ന നഗരങ്ങള്‍ക്കാണ് റാങ്കിങ്. 19 നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിൽ നിന്ന് കൊച്ചിയും ഉണ്ട്. കൊല്‍ക്കത്ത, ചെന്നൈ, കോയമ്പത്തൂർ എന്നീ നഗരങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. ഈ നേട്ടം നഗരങ്ങളിലെ താമസക്കാർക്ക് സുരക്ഷിതത്വ ബോധം നല്‍കുമെന്ന് കോഴിക്കോട് കലക്ടര്‍ സ്നേഹിൽ കുമാർ സിംഗ് പറഞ്ഞു. ഈ നേട്ടം സ്വന്തമാക്കിയതില്‍ കോഴിക്കോട്ടുകാരും ആഹ്ളാദത്തിലാണ്.
Comments