THAMARASSERI
താമരശ്ശേരി ചുരത്തിൽ പട്ടാപ്പകൽ എട്ടംഗസംഘം 68 ലക്ഷം രൂപയും മൊബൈൽ ഫോണും കവർന്നതായി പരാതി

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ പട്ടാപ്പകൽ എട്ടംഗസംഘം കാർ തടഞ്ഞുനിർത്തി യുവാവിനെ ആക്രമിച്ച് അകത്തുണ്ടായിരുന്ന 68 ലക്ഷം രൂപയും മൊബൈൽ ഫോണും കവർന്നതിനു ശേഷം കാറുമായി കടന്നുകളഞ്ഞതായി പരാതി. ചുരത്തിൽ ഒമ്പതാംവളവിനു താഴെ ബുധനാഴ്ച രാവിലെ എട്ടു മണിക്കാണ് സംഭവം. മൈസൂരിൽനിന്ന് കൊടുവള്ളിയിലേക്ക് വരികയായിരുന്ന കർണാടക മൈസൂർ ലഷ്‌കർ മൊഹല്ല സ്വദേശി വിശാൽ ദശത് മഡ്കരി (27)യാണ് ആക്രമിക്കപ്പെട്ടത്. എന്നാൽ, വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ഇയാൾ പരാതിയുമായി സ്റ്റേഷനിലെത്തിയത്.
ഒമ്പതാംവളവിന് സമീപമെത്തിയപ്പോൾ പിറകിൽ രണ്ട് കാറുകളിലായി പിന്തുടർന്നെത്തിയ സംഘം വിശാലിന്റെ വാഹനം തടയുകയായിരുന്നു. രണ്ട് കാറുകളിലായി എട്ട് പേരുണ്ടായിരുന്നെന്നാണ് വിശാൽ പോലീസിന് നൽകിയ വിവരം.
കാറിന്റെ ഗ്ലാസ് അടിച്ചുതകർത്ത ശേഷം വിശാലിനെ കാറിൽനിന്ന് വലിച്ച് പുറത്തേക്കിട്ട സംഘം കൈ കൊണ്ടും കമ്പിവടി കൊണ്ടും അടിച്ചു പരിക്കേൽപ്പിച്ച് കാറിൽ സൂക്ഷിച്ച പണവും മൊബൈൽ ഫോണും എടുത്ത് കാറുമായി കോഴിക്കോട് ഭാഗത്തേക്ക് ഓടിച്ചുപോവുകയായിരുന്നു. കൊടുവള്ളിയിൽനിന്ന് പഴയ സ്വർണം വാങ്ങാൻ വേണ്ടിയെടുത്ത 68 ലക്ഷം രൂപയും ഇരുപതിനായിരം രൂപയുടെ മൊബൈൽ ഫോണും വാഹനത്തിനകത്തുണ്ടായിരുന്നെന്നാണ് പരാതിക്കാരൻ അറിയിച്ചത്. അതേസമയം, കവർച്ച ചെയ്യപ്പെട്ടത് കുഴൽപ്പണമാവാമെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണസംഘം.
Comments