CALICUTKERALAKOYILANDINEWS

ആരാധനാലയങ്ങളുടെ ഭൂമി ഏറ്റെടുക്കുന്നതിലെ തര്‍ക്കം; തിരുവങ്ങൂരിലെ ദേശീയപാത വികസനത്തിന് കുരുക്ക്

 

കൊയിലാണ്ടി: തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ദേശീയ പാത ആറ് വരിയില്‍ വികസിപ്പിക്കുമ്പോള്‍ തിരുവങ്ങൂരില്‍ മാത്രം കുപ്പിക്കഴുത്തില്‍ പാത കുരുങ്ങും. തിരുവങ്ങൂര്‍ നരസിംഹ പാര്‍ത്ഥസാരഥി ക്ഷേത്രത്തിനും വെറ്റിലപ്പാറ മുഹിയുദ്ദീന്‍ ജുമാ മസ്ജിദിനുമിടയിലെ ഒരു കിലോമീറ്ററിനകത്ത് സര്‍വീസ് റോഡില്ലാതെയാണ് പുതിയ ആറു വരിപ്പാതയുടെ നിര്‍മ്മാണം പുരോഗമിക്കുന്നത്.
സര്‍വ്വീസ് റോഡും കോണ്‍ക്രീറ്റ് ഡക്ടുകളും ഇല്ലാതാവുന്നതോടെ ഓവുചാലുകള്‍ ഇവിടങ്ങളില്‍ മുറിഞ്ഞു പോകും. ജലവിതരണ, വൈദ്യുതി വിതരണ സംവിധാനങ്ങള്‍ കടന്നുപോകാനുള്ള ചാലുകളും അടയും. ആറുവരിപ്പാത ഇരുവശത്തും മതില്‍ പണിത് വേര്‍തിരിക്കുന്നതോടെ മനുഷ്യര്‍ക്ക് മാത്രമല്ല കന്നുകാലികള്‍ക്കും മറ്റു ജീവികള്‍ക്കൊന്നും ക്ഷേത്രപരിസരത്ത് നിന്ന് വടക്കോട്ടോ, പള്ളിപ്പരിസരത്ത് നിന്ന് തെക്കോട്ടോ സഞ്ചരിക്കാന്‍ വഴിയുണ്ടാവില്ല. ആറുവരിപ്പാത ഇന്നത്തെ നിലയില്‍ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ക്ഷേത്രമതില്‍ക്കെട്ടിനെ തൊട്ടുരുമ്മിയാണ് കടന്നുപോകുക. അപ്പോള്‍ ക്ഷേത്രത്തിലേക്കുള്ള വഴിയും പ്രതിസന്ധിയിലാകും. പാര്‍ത്ഥസാരഥീ ക്ഷേത്രമായതു കൊണ്ട് ധാരാളം വാഹനങ്ങള്‍ ഇവിടെ നിര്‍ത്തി ക്ഷേത്രത്തില്‍ കാണിക്കയിടാറുണ്ട്. സര്‍വ്വീസ് റോഡ് ഇല്ലാതാകുന്നതോടെ ഇവിടെ വാഹനം നിര്‍ത്താനോ കാണിക്കയിടാനോ അവസരമുണ്ടാവില്ല. വലിയ സാമ്പത്തിക നഷ്ടമാണ് ഇത് ക്ഷേത്രത്തിനുണ്ടാക്കുക. സര്‍വ്വീസ് റോഡില്ലാതെ തന്നെ ആറുവരി പാതയിലേക്ക് പ്രവേശിക്കാന്‍ സൗകര്യമൊരുക്കുമെന്ന ക്ഷേത്രഭാരവാഹികളുടെ അവകാശവാദം പ്രായോഗികമല്ല. അതിവേഗത്തില്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്ന ആറുവരി പാതയിലേക്ക് നേരിട്ട് പ്രവേശനം സാദ്ധ്യമല്ല. സൈഡ് ബേകളും മറ്റും നിര്‍മ്മിച്ച് അതില്‍ നിന്ന് വേണം പ്രവശനം അനുവദിക്കാന്‍. ഇതിന് സര്‍വ്വീസ് റോഡിന് വേണ്ടതിനേക്കാള്‍ ഭൂമി ലഭ്യമാക്കേണ്ടിവരും.

ആറുവരിപ്പാത ഇരുവശത്തും മതില്‍ പണിത് വേര്‍തിരിക്കുന്നതോടെ മനുഷ്യര്‍ക്ക് മാത്രമല്ല കന്നുകാലികള്‍ക്കും മറ്റു ജീവികള്‍ക്കൊന്നും ക്ഷേത്രപരിസരത്ത് നിന്ന് വടക്കോട്ടോ, പള്ളിപ്പരിസരത്ത് നിന്ന് തെക്കോട്ടോ സഞ്ചരിക്കാന്‍ വഴിയുണ്ടാവില്ല

വെറ്റിലപ്പാറ വരെ സര്‍വ്വീസ് റോഡിലൂടെയെത്തുന്ന വാഹനങ്ങള്‍ പെട്ടെന്ന് ആറ് വരിപാതയിലേക്ക് കടക്കുക എന്നതും പ്രയോഗികമല്ല. വലിയ തോതിലുള്ള ഗതാഗത കുരുക്കുകള്‍ക്കും അപകടങ്ങള്‍ക്കുമാണ് ഇത് കാരണമാകുക. ഹ്രസ്വദൂര യാത്രക്കാര്‍ക്ക് സഞ്ചരിക്കാനുള്ള വഴിയാണ് സര്‍വീസ് റോഡുകള്‍. ഇത് അടയുന്നതോടെ വെറ്റിലപ്പാറ മുതല്‍ തിരുവങ്ങൂര്‍ വരെ റോഡിന് കിഴക്ക് ഭാഗത്ത് താമസിക്കുന്നവര്‍ക്ക് ദേശീയ പാതയിലേക്ക് പ്രവേശിക്കാന്‍ മാര്‍ഗ്ഗമുണ്ടാവില്ല.

ദേശീയപാതയുടെ പ്രവൃത്തി ആരംഭിക്കുന്നതിനു മുന്‍പ് തന്നെ പ്രദേശത്തെ ക്ഷേത്ര കമ്മിറ്റിയും പള്ളിക്കമ്മറ്റിയുമെല്ലാം തങ്ങളുടെ സ്ഥലം നഷ്ടപ്പെടുമെന്ന് കാണിച്ച് ദേശീയപാത നിര്‍മ്മാണത്തെ എതിര്‍ത്തിരുന്നു. 2012 ല്‍ തന്നെ ഇത് സംബന്ധിച്ച പരാതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതായും ക്ഷേത്രമതിലിനോട് ചേര്‍ന്ന ഓഫീസും കല്‍വിളക്കും പൊളിച്ചു മാറ്റി സ്ഥലം വിട്ടുകൊടുത്തതായും ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ കലിക്കറ്റ് പോസ്റ്റിനോട് പറഞ്ഞു. അന്ന് ജില്ലാ കലക്ടറായിരുന്ന പ്രശാന്തിന്റെ നിര്‍ദ്ദേശപ്രകാരമാണിത് ചെയ്തതെന്നും ഇവര്‍ അവകാശപ്പെടുന്നു. എന്നാല്‍ ക്ഷേത്രത്തിന്റെ ഭൂമി അക്വയര്‍ ചെയ്യുന്നത് ഒഴിവാക്കിയെടുക്കുന്നതിന് വേണ്ടി മതിലറ്റം വരെ നടപ്പന്തല്‍ നിര്‍മ്മിക്കുകയാണ് അന്ന് ക്ഷേത്രം ഭാരവാഹികള്‍ ചെയതതെന്നും അന്നത്തെ പഞ്ചായത്ത് ഭാരവാഹികള്‍ പറയുന്നു. ഇത് നിര്‍ത്തി വെക്കണമെന്ന കലക്ടറുടെ നിര്‍ദ്ദേശം പരിഗണിക്കാതെ നടപ്പന്തല്‍ നിര്‍മ്മാണവുമായി ഇവര്‍ മുന്നോട്ടു പോകുകയായിരുന്നെന്നും പറയുന്നു. പന്തലുണ്ടാക്കാനും അത് സംരക്ഷിക്കാനും ഞങ്ങള്‍ക്കറിയാമെന്ന് കലക്ടറെ അറിയിക്കുകയായിരുന്നത്രെ ഇവര്‍ ചെയ്തത്.

സര്‍വ്വീസ് റോഡിന് സ്ഥലം വിട്ടു നല്‍കിയാലും ക്ഷേത്രത്തിന്റെ ശ്രീ കോവിലിനോ അമ്പലം നില്‍ക്കുന്ന കെട്ടിടത്തിനോ വിശാലമായ മുറ്റത്തിനോ ഒന്നും കേടുപാട് സംഭവിക്കില്ല. അടുത്ത കാലത്തായി പണിത നടപ്പന്തലിന്റെ ചെറിയ ഭാഗം മാത്രമാണ് പൊളിച്ചു നീക്കേണ്ടി വരിക

തുടര്‍ന്ന് ജനകീയ സമരം ശക്തിപ്പെടുത്താന്‍ നീക്കമുണ്ടായെങ്കിലും അത് വിജയിച്ചില്ല. സ്ഥലം നഷ്ടപ്പെടുമെന്ന പേരില്‍ നിരവധി കുടുംബങ്ങള്‍ ദേശീയപാതയുടെ പ്രവൃത്തിയെ അക്കാലത്ത് എതിര്‍ത്തിരുന്നെങ്കിലും നല്ല പ്രതിഫലം ലഭിക്കുമെന്ന് വന്നതോടെ അവരെല്ലാം പിന്മാറി. ഇതേത്തുടര്‍ന്നാണ് അമ്പലം, പള്ളി ഭാരവാഹികള്‍ കോടതിയിലെത്തിയത്. സ്ഥലം വിട്ടു നല്‍കി റോഡ് വികസനം ഉറപ്പു വരുത്താനായിരുന്നു കോടതിയുടെ ആദ്യ നിര്‍ദ്ദേശം. തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികള്‍ ചില കേന്ദ്ര ഭരണകക്ഷി നേതാക്കളുടെ ഒത്താശയോടെ സര്‍വ്വീസ് റോഡ് ഒഴിവാക്കി ആറുവരിപ്പാത പണിയാം എന്ന നിര്‍ദ്ദേശം കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. ഇതിന് വേണ്ടി കേന്ദ്ര മന്ത്രിമാരുള്‍പ്പെടെ പല ഉന്നതരും ഇടപെട്ടതായാണ് വിവരം. ദേശീയപാത അതോറിറ്റിയുടെ എഞ്ചിനീയര്‍മാരില്‍ ചിലര്‍ സര്‍വ്വീസ് റോഡില്ലെങ്കിലും കുഴപ്പമില്ലെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതായി പറയുന്നു. ഇതോടെ സര്‍വ്വീസ് റോഡ് ഒഴിവാക്കാന്‍ കോടതി അനുമതി നല്‍കിയതായി ക്ഷേത്രം ഭാരവാഹികള്‍ കലിക്കറ്റ് പോസ്‌ററിനോട് പറഞ്ഞു.
സര്‍വ്വീസ് റോഡിന് സ്ഥലം വിട്ടു നല്‍കിയാലും ക്ഷേത്രത്തിന്റെ ശ്രീ കോവിലിനോ അമ്പലം നില്‍ക്കുന്ന കെട്ടിടത്തിനോ വിശാലമായ മുറ്റത്തിനോ ഒന്നും കേടുപാട് സംഭവിക്കില്ല. അടുത്ത കാലത്തായി പണിത നടപ്പന്തലിന്റെ ചെറിയ ഭാഗം മാത്രമാണ് പൊളിച്ചു നീക്കേണ്ടി വരിക.

കഴിഞ്ഞ ദിവസം കലക്ട്രേറ്റില്‍ നടന്ന യോഗത്തില്‍  ഉപാധികളോടെ ഭൂമി വിട്ടു നല്‍കാന്‍ പള്ളിക്കമ്മറ്റി ഭാരവാഹികള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

വെറ്റിലപ്പാറ മുഹിയുദ്ദീന്‍ ജുമാ മസ്ജിദിനോടനുബന്ധിച്ച ശ്മശാനത്തിന്റെ ഒരു ഭാഗവും ചില കെട്ടിട ഭാഗങ്ങളുമാണ് സര്‍വ്വീസ് റോഡിനായി ഏറ്റെടുക്കേണ്ടി വരിക. 40 സെന്റ് ഭൂമിയോളം വരുമിത്. മൃതദേഹങ്ങള്‍ അടക്കം ചെയ്ത ഭൂമി നഷ്ടപെട്ടാല്‍ പകരം ശ്മശാനം ആരംഭിക്കാന്‍ ഭൂമി കിട്ടില്ലെന്നും അഥവാ കിട്ടിയാല്‍ തന്നെ അനുമതി ലഭിക്കില്ലെന്നും പള്ളിക്കമ്മറ്റിക്കാര്‍ ഭയപ്പെടുന്നു. ഇതുകൊണ്ടാണ് ഇവര്‍ ഭൂമി വിട്ടു നല്‍കുന്നതിന് വിസമ്മതിക്കുന്നതെന്നും അത് പരിഹരിച്ചാല്‍ സ്ഥലം വിട്ടു നല്‍കാന്‍ അവര്‍ സന്നദ്ധമാകുമെന്നും പള്ളിക്കമ്മറ്റി ഭാരവാഹികള്‍ കലിക്കറ്റ് പോസ്റ്റിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം കലക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ ഈ ഉപാധികളോടെ ഭൂമി വിട്ടു നല്‍കാന്‍ പള്ളിക്കമ്മറ്റി ഭാരവാഹികള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ദേശീയ പാതയുടെ പ്രവൃത്തി വളരെ വേഗതയില്‍ മുന്നേറുകയാണ്. ഇതിനിടയിലാണ് കേന്ദ്ര സര്‍ക്കാരില്‍ ഇടപെട്ടുകൊണ്ട് ചിലര്‍ ദേശീയപാതാധികൃതരെ സ്വാധീനിച്ച്, സര്‍വീസ് റോഡ് നിര്‍മ്മാണം ഒഴിവാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത്. ഇതിന് പിന്നില്‍ ചിലരുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങളാണെന്ന അഭിപ്രായവുമുയരുന്നുണ്ട്. തിരുവങ്ങൂര്‍ പ്രദേശത്തെ ജനങ്ങളെയാകെ കേരളത്തിന് മുമ്പില്‍ അപമാനിക്കുന്നതിന് തുല്ല്യമാകും ഈ നടപടി എന്നാണ് പ്രദേശവാസികളിലൊരു വിഭാഗത്തിന്റെ അഭിപ്രായം. തൊട്ടടുത്ത സ്ഥലങ്ങളില്‍ പോലും ആരാധാനാലയങ്ങള്‍ മാറ്റി സ്ഥാപിച്ചും ഭൂമി വിട്ടു നല്‍കിയും നാടിന്റെ വികസനത്തിന് വേണ്ടി നിലകൊള്ളുകയാണ് വിശ്വാസികള്‍ എന്നും അവര്‍ പറയുന്നു.

ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട വിശ്വാസ പ്രശ്‌നങ്ങള്‍ ഭയന്ന് രാഷ്ട്രീയ പാര്‍ട്ടികളൊന്നും ഇക്കാര്യത്തില്‍ പരസ്യമായി അഭിപ്രായം പറയുന്നില്ല. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയും ഇക്കാര്യത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. കലക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് ആവശ്യമാണെങ്കില്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ത്ത് പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കിഴക്കയില്‍ സതി കലിക്കറ്റ് പോസ്റ്റിനോട് പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button