തിരുവനന്തപുരം: നവകേരള സദസില്‍ പ്രശ്നപരിഹാരത്തിനായി വന്നത് ആറു ലക്ഷത്തിലധികം പരാതികള്‍. 14 ജില്ലകളില്‍ നിന്നായി 6,21,167 പരാതികളാണ് സര്‍ക്കാരിന് ലഭിച്ചത്. ഏറ്റവും അധികം പരാതി ലഭിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണ്. 80,885 പരാതികളാണ് മലപ്പുറം ജില്ലയില്‍ നിന്ന് നവകേരള സദസിന് ലഭിച്ചത്. രണ്ടാം സ്ഥാനത്ത് 61,204 പരാതികളുമായി പാലക്കാട് ജില്ലയാണ്.
എറണാകുളത്ത് ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ സദസ് നടക്കാനുണ്ട്. ഇതുകൂടി കഴിഞ്ഞ ശേഷം ലഭിച്ച പരാതികളും പരിഹരിച്ച പരാതികളുടെയും കണക്കുകള്‍ ഔദ്യോഗികമായിയി പ്രസിദ്ധീകരിക്കും. തിരുവനന്തപുരം എറണാകുളം ജില്ലകളിലെ പരാതികളുടെ എണ്ണം പൂര്‍ണമായിട്ടില്ല. പരാതി പരിഹരിക്കാന്‍ ജില്ലകളില്‍ സ്പെഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കും.
കാസര്‍കോട് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞമാസം 18-നാണ് നവകേരളസദസ്സ് ആരംഭിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് എറണാകുളത്തെ നാലുമണ്ഡലങ്ങളിലെ സദസ്സ് മാറ്റിവെച്ചിരുന്നു. ജനുവരി ഒന്നിന് തൃക്കാക്കര, പിറവം മണ്ഡലങ്ങളിലും രണ്ടിന് തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിലും സദസ്സ് നടക്കും. നവകേരള യാത്ര സംസ്ഥാനത്തെ 140 മണ്ഡലങ്ങളും ചുറ്റി ഡിസംബര്‍ 23നാണ് തിരുവനന്തപുരത്ത് സമാപിച്ചത്.