NEWSWorld

നിതാഖത്ത്; സൗദിയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം പ്രാബല്യത്തില്‍, പ്രവാസികള്‍ക്ക് തിരിച്ചടി

റിയാദ്: സൗദി അറേബ്യയില്‍ സെയില്‍സ്, പര്‍ച്ചേസിങ്, പ്രോജക്ട് മാനേജ്മെന്റ് തൊഴിലുകളിലെ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇതിനായി മുന്‍കൂട്ടി നിശ്ചയിച്ച സമയപരിധി ഞായറാഴ്ച അവസാനിച്ചതോടെ തീരുമാനം പ്രാബല്യത്തിലായെന്നും ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

സെയില്‍സുമായി ബന്ധപ്പെട്ട് തസ്തികകളില്‍ സ്വദേശിവത്കരണം 15 ശതമാനം വര്‍ധിപ്പിക്കുന്നതാണ് പുതിയ നടപടി. സെയില്‍സ് മാനേജര്‍, റീട്ടെയില്‍ സെയില്‍സ് മാനേജര്‍, സെയില്‍സ് സ്‌പെഷ്യലിസ്റ്റ്, ഹോള്‍സെയില്‍ സെയില്‍സ് മാനേജര്‍, ഐ.ടി ഉപകരണങ്ങളുടെ സെയില്‍സ് സ്‌പെഷ്യലിസ്റ്റ്, സെയില്‍സ് റപ്രസേന്ററ്റീവ് എന്നീ തൊഴിലുകളാണ് സ്വദേശിവത്കരണത്തിലുള്‍പ്പെടുന്നത്. സെയില്‍സ് മേഖലയില്‍ അഞ്ചോ അതിലധികമോ ജീവനക്കാരുള്ള മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും തീരുമാനം ബാധകമാകും.


പ്രൊക്യുര്‍മെന്റ് തസ്തികകളില്‍ 50 ശതമാനമാണ് സ്വദേശിവത്കരണം. പര്‍ച്ചേസിങ് മാനേജര്‍, പര്‍ച്ചേസിങ് റപ്രേെസന്ററ്റീവ്, കോണ്‍ട്രാക്ട് മാനേജര്‍, ടെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ്, പര്‍ച്ചേസിങ് സ്‌പെഷ്യലിസ്റ്റ് എന്നീ പ്രധാന ജോലികള്‍ സ്വദേശിവത്കരണത്തിലുള്‍പ്പെടും. മൂന്നോ അതിലധികമോ ജീവനക്കാര്‍ പ്രൊക്യുര്‍മെന്റ് തൊഴിലുകളില്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കാണ് തീരുമാനം ബാധകമാകുക.
പ്രോജക്ട് മാനേജ്മെന്റ് തൊഴിലുകള്‍ ആദ്യഘട്ടമെന്ന നിലയില്‍ 35 ശതമാനമാണ് സ്വദേശിവത്കരിക്കുന്നത്. പ്രോജക്റ്റ് മാനേജ്‌മെന്റ് മാനേജര്‍, പ്രോജക്ട് മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്, പ്രോജക്ട് മാനേജര്‍, പ്രോജക്ട് മാനേജ്‌മെന്റ് ഓഫീസ് സ്‌പെഷ്യലിസ്റ്റ്, കമ്യൂണിക്കേഷന്‍സ് പ്രോജക്ട് മാനേജര്‍, ബിസിനസ് സര്‍വീസ് പ്രോജക്ട് മാനേജര്‍ എന്നി പ്രധാന തൊഴിലുകളാണ് സ്വദേശിവത്കരിക്കുന്നത്. അടുത്ത ഘട്ടത്തില്‍ ഇത് 40 ശതമാനമായി ഉയര്‍ത്തും. പ്രോജക്ട് മാനേജ്‌മെന്റ് വിഭാഗത്തില്‍ മൂന്നോ അതിലധികമോ ജീവനക്കാരുള്ള മുഴുവന്‍ സ്ഥാപനങ്ങള്‍ക്കുമാണ് തീരുമാനം ബാധകമാകുന്നത്.

സെയില്‍സ്, പര്‍ച്ചേസിങ്, പ്രൊജക്ട് മാനേജ്‌മെന്റ് തൊഴിലുകളിലെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട സംവിധാനങ്ങളെ കുറിച്ച് വിശദീകരിക്കുന്ന ഒരു ഗൈഡ് മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. തീരുമാനം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഉള്‍പ്പടെയുള്ള ശിക്ഷാനടപടികളുണ്ടാവും. ഈ വര്‍ഷം ഏപ്രിലിലാണ് സെയില്‍സ്, പര്‍ച്ചേസിങ്, പ്രൊജക്ട് മാനേജ്‌മെന്റ് തൊഴിലുകളിലെ സ്വദേശിവത്കരണം സംബന്ധിച്ച പ്രഖ്യാപനം മന്ത്രാലയം നടത്തിയത്. ഘട്ടങ്ങളായാണ് ഇവ നടപ്പാക്കുകയെന്ന് അന്ന് വ്യക്തമാക്കിയിരുന്നു.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button