തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളം ഓൺലൈനായി ലഭ്യമാക്കുന്ന കെ-സ്മാർട്ട് ജനുവരി ഒന്നു മുതൽ
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളം ഓൺലൈനായി ലഭ്യമാക്കുന്ന കെ-സ്മാർട്ട് (കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻഫർമേഷൻ) ജനുവരി ഒന്നു മുതൽ നിലവിൽ വരുന്നു. കെ-സ്മാർട്ട് സോഫ്റ്റ്വെയർ ആപ്ലിക്കേഷന്റെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി ഒന്നിന് എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിൽ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
കെ-സ്മാർട്ട് നിലവിൽ വരുന്നതോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകും. മുൻസിപ്പൽ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യ ഘട്ടത്തിൽ കെ-സ്മാർട്ട് വിന്യസിക്കുന്നത്. ഏപ്രിൽ ഒന്നിന് ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. ഇതോടെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ സമയബന്ധിതമായി ഓഫീസുകളിൽ പോകാതെ തന്നെ പൊതുജനങ്ങൾക്ക് ലഭ്യമാവുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സിവിൽ രജിസ്ട്രേഷൻ (ജനന-മരണ-വിവാഹ രജിസ്ട്രേഷൻ), ബിസിനസ് ഫെസിലിറ്റേഷൻ (വ്യാപാരങ്ങൾക്കും വ്യവസായങ്ങൾക്കുമുള്ള ലൈസൻസുകൾ), വസ്തു നികുതി, ബിൽഡിംഗ് പെർമിഷൻ മൊഡ്യൂൾ, പൊതുജന പരിഹാരം തുടങ്ങി എട്ട് സേവനങ്ങളായിരിക്കും ആദ്യഘട്ടത്തിൽ കെ-സ്മാർട്ടിലൂടെ ലഭ്യമാവുക.
പൊതുജനങ്ങൾക്കും ജീവനക്കാർക്കും കെ-സ്മാർട്ട് ഉപയോഗിക്കുന്നതിന് സഹായിക്കുന്നതിനായി പ്രത്യേക ഹെൽപ് ഡെസ്ക് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സാങ്കേതിക പ്രശ്നങ്ങൾ തത്സമയം പരിഹരിക്കുന്നതിന് കേന്ദ്രീകൃത റാപ്പിഡ് റെസ്പോൺ ടീമിനെ ഐ കെ എം ഹെഡ്ക്വാട്ടേഴ്സിൽ വിന്യസിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ചടങ്ങിൽ മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. കെ-സ്മാർട്ട് മൊബൈൽ ആപ്പ് വ്യവസായ മന്ത്രി പി രാജീവ് പുറത്തിറക്കും. ഹൈബി ഈഡൻ എം പി, എം എൽഎമാരായ ടി ജെ വിനോദ്, കെ ജെ മാക്സി തുടങ്ങിയവർ പങ്കെടുക്കും.