തൃശ്ശൂര്‍ പൂരം പ്രതിസന്ധിക്ക് മുഖ്യമന്ത്രി വിളിച്ചയോഗത്തില്‍ പരിഹാരം
തൃശൂര്‍: തൃശ്ശൂര്‍ പൂരം പ്രതിസന്ധിക്ക് മുഖ്യമന്ത്രി വിളിച്ചയോഗത്തില്‍ പരിഹാരമായി. പൂരം എക്സിബിഷന് തറവാടക 2023-ലെ തല്‍സ്ഥിതി തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചതോടെയാണ് പ്രതിസന്ധി ഒഴിവായത്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി തീരുമാനം അറിയിച്ചത്. കൂടാതെ മുന്‍ധാരണ പ്രകാരമുള്ള എട്ടുശതമാനം വര്‍ധനവും തറവാടകയിനത്തില്‍ ഉണ്ടാകും.
പൂരം നടത്തിപ്പിലെ ചെലവുകള്‍ വഹിക്കാനായി ദേവസ്വങ്ങളുടെ നേതൃത്വത്തില്‍ എക്സിബിഷനുകള്‍ നടത്താറുണ്ട്. എക്സിബിഷന് നടത്തുന്നത് കൊച്ചിന് ദേവസ്വത്തിന്റെ സ്ഥലത്താണ്. ഈ സ്ഥലത്തിന് തറവാടകയായി കഴിഞ്ഞവര്‍ഷം 42 ലക്ഷം രൂപയാണ് നല്‍കിയത്. എന്നാല്‍ ഇത്തവണ ഇത് ഒരു ചതുരശ്ര അടിയ്ക്ക് രണ്ടുരൂപ എന്ന നിരക്കില്‍ നിശ്ചയിച്ചു. ഇതോടെ തറവാടകയായി രണ്ട് കോടിയിലേറെ രൂപ നല്‍കേണ്ട സ്ഥിതി വന്നു.