അയോദ്ധ്യയിൽ നിന്നും പൂജിച്ചുകൊണ്ടുവന്ന അക്ഷതം ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറി
തിരുവനന്തപുരം: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് അയോദ്ധ്യയിൽ നിന്നും പൂജിച്ചുകൊണ്ടുവന്ന അക്ഷതം ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറി. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്രസമിതിയ്ക്ക് വേണ്ടി കൈമനം മാതാ അമൃതാനന്ദമയീ മഠത്തിലെ സ്വാമി ശിവാമൃതാനന്ദപുരിയാണ് അക്ഷതം കൈമാറിയത്. അമൃതം എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ബന്ധപ്പെട്ടവർ ഇക്കാര്യം അറിയിച്ചത്.
ആശ്രമം പ്രവർത്തന ഏകോപന സമിതി അംഗം അഭിലാഷ്, സമിതി പ്രവർത്തകരായ ടി പി സെൻകുമാർ , ടി വി പ്രസാദ് ബാബു, വി അനീഷ്, പ്രമോദ് എന്നിവരും അക്ഷതം കൈമാറുന്ന വേളയിൽ ഉണ്ടായിരുന്നു. അക്ഷതം ആരിഫ് മുഹമ്മദ് ഖാന് നൽകുന്നതിന്റെ ചിത്രവും ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്.
ഈ മാസം 22 നാണ് രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ. നിലവിൽ അക്ഷതം കൈമാറുന്നത് ക്ഷേത്ര സമിതി തുടരുകയാണ്. കഴിഞ്ഞ ദിവസം ഗായിക കെ എസ് ചിത്രയ്ക്കും രാജ്യസഭ എംപിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അദ്ധ്യക്ഷയുമായ പി ടി ഉഷയ്ക്കും സമിതി അംഗങ്ങൾ അക്ഷതം കൈമാറിയിരുന്നു.