സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവർക്ക് കശുവണ്ടി പരിപ്പിന്റെ രുചിയും ഗുണവും രുചിച്ചറിയാന്‍ കാഷ്യു സൂപ്പും വിറ്റയുമായി കാഷ്യു കോര്പറേഷന്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന മത്സരാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും കശുവണ്ടി പരിപ്പിന്റെ രുചിയും ഗുണവും രുചിച്ചറിയാന്‍ കാഷ്യു കോര്പറേഷന് കാഷ്യു സൂപ്പും വിറ്റയും വിപണന ഔട്ട്ലെറ്റില് ലഭ്യമാക്കി.
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായാണ് ഔട്ട്ലെറ്റുകളില് വില്‍പ്പന ആരംഭിച്ചിരിക്കുന്നത്. ചിന്നക്കട ബസ് ബേയിലും പ്രധാന വേദിയായ ആശ്രാമം മൈതാനത്തും ഔട്ട്ലെറ്റുകള് ചൊവ്വാഴ്ച പ്രവര്‍ത്തനം ആരംഭിച്ചു. കശുവണ്ടി പരിപ്പില്‍ നിന്നും ഉല്പാദിപ്പിക്കുന്ന പോഷക സമൃദ്ധവും കൊളസ്ട്രോള്‍ രഹിതവുമായ കാഷ്യു സൂപ്പ് ഗ്ലാസ് ഒന്നിന് 10 രൂപ. വാനില, ചോക്ലേറ്റ്, ഏലക്ക, പിസ്ത എന്നി വിവിധ ഫ്ലേവറുകളില്‍ ലഭിക്കുന്ന കാഷ്യു വിറ്റയ്ക്ക് ഗ്ലാസ് ഒന്നിന് 30 രൂപയാണ് വില.
ഔട്ട്ലെറ്റില് കശുവണ്ടിപ്പരിപ്പും മൂല്യവര്‍ധിത ഉത്പന്നങ്ങളും 25 ശതമാനം ഡിസ്കൗണ്ടില്‍ ലഭിക്കും. ചിന്നക്കട ബസ് ബേ വിപണന കേന്ദ്രത്തില്‍ പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി കോര്പ്പറേഷന് ഫാക്ടറി ജീവനക്കാര്‍ക്ക് സൂപ്പ് നല്കി വിപണന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം നിർവഹിച്ചു. ചെയര്മാന് എസ് ജയമോഹന്, ബോര്‍ഡ് അംഗങ്ങളായ ജി ബാബു, സജി ഡി ആനന്ദ്, കൊമേഷ്യല്‍ മാനേജര്‍ ഷാജി വി എന്നിവരും പങ്കെടുത്തു. ജനുവരി എട്ട് വരെ വിപണന മേള തുടരും.