പൂരം പ്രദര്‍ശനത്തിന് തറവാടക വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം പരിഹരിക്കാന്‍ ദേവസ്വം മന്ത്രി വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞു

തൃശ്ശൂര്‍: പൂരം പ്രദര്‍ശനത്തിന് തറ വാടക വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം പരിഹരിക്കാന്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞു.  പ്രദര്‍ശനവാടകക്കാര്യത്തില്‍ ഒരു ഉറപ്പും നല്‍കാൻ മന്ത്രിക്കായില്ല. ജനുവരി നാലിന് ഇതില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന വിവരം കൈമാറുക മാത്രമാണ് മന്ത്രി ചെയ്തത്. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. ഏതുതരത്തിലുള്ള തീരുമാനമാണ് ഉണ്ടാകുകയെന്നതിന്റെ സൂചനയും നല്‍കിയില്ല. യോഗത്തില്‍ മന്ത്രി കെ രാജനും പങ്കെടുത്തു.


ഇതോടെ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം പ്രതിനിധികളും പൂരം ചടങ്ങ് മാത്രമാക്കി നടത്തുമെന്ന മുന്‍ തീരുമാനത്തില്‍ ഉറച്ചുനിന്നു. എക്‌സിബിഷന്‍ ഗ്രൗണ്ട് സൗജന്യമായി വിട്ടുതരണമെന്ന ആവശ്യമാണ് പൂരം സംഘാടകര്‍ മന്ത്രിക്കു മുന്നില്‍ വെച്ചത്. ഇതിനു തയ്യാറല്ലെങ്കില്‍ കഴിഞ്ഞ പൂരം എക്‌സിബിഷനിലേതുപോലെ ജി എസ് ടി ഉള്‍പ്പെടെ 42 ലക്ഷം നല്‍കാനുള്ള സന്നദ്ധതയും ഇവര്‍ അറിയിച്ചു. വാര്‍ഷികവര്‍ധന പാടില്ലെന്ന ആവശ്യവും മുന്നോട്ടുവെച്ചു.
കോടതിവിധിയനുസരിച്ച് മാത്രമേ എന്തെങ്കിലും ചെയ്യാനാകൂവെന്ന നിലപാടിലായിരുന്നു മന്ത്രി. അതേസമയം, പൂരം ഗംഭീരമായി നടത്തുമെന്നും മന്ത്രി അറിയിച്ചു. ഞായറാഴ്ച രാത്രി എട്ടുമണിയോടെ രാമനിലയത്തില്‍ തുടങ്ങിയ യോഗം 10 മണിയോടെയാണ് അവസാനിച്ചത്.  പൂരം പ്രദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങാറായിട്ടും വാടകപ്രശ്‌നം പരിഹരിക്കപ്പെടാത്തതിനെത്തുടര്‍ന്നാണ് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്ത പൊതുയോഗം പൂരം ചടങ്ങുമാത്രമാക്കാന്‍ തീരുമാനിച്ചത്.


യോഗത്തില്‍ ടി എന്‍ പ്രതാപന്‍ എംപി, പി ബാലചന്ദ്രന്‍ എം എല്‍ എ, തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം ഭാരവാഹികളായ ജി രാജേഷ്, ടി എ സുന്ദര്‍മേനോന്‍, ഡോ. എം ബാലഗോപാല്‍, കെ ഗിരീഷ്‌കുമാര്‍, ശശിധരന്‍, ഇ വേണുഗോപാലന്‍, പി വി നന്ദകുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

Comments
error: Content is protected !!