KERALANEWSUncategorized

വിവരാവകാശ നിയമം: ഫയല്‍ കാണാനില്ലെന്ന മറുപടി ശിക്ഷാര്‍ഹമെന്ന്‌ കമ്മീഷണര്‍

കല്‍പറ്റ: വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ക്ക്‌ ഫയല്‍ കാണാനില്ലെന്ന്‌ മറുപടി നല്‍കുന്നത്‌ ശിക്ഷാര്‍ഹമാണെന്ന്‌ സംസ്‌ഥാന വിവരാവകാശ കമ്മിഷണര്‍ എ അബ്‌ദുല്‍ഹക്കിം. കലക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ സിറ്റിംഗിനിടെയാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌.

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പബ്ലിക്‌ റെക്കോഡ്‌സ് ആക്‌ട് പ്രകാരം അഞ്ച്‌ വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്‌. ഫയല്‍ കാണാതാകുന്ന പരാതിയില്‍ വിവരാവകാശ നിയമവും പബ്ലിക്‌ റെക്കോഡ്‌സ് ആക്‌ടും സമാന നടപടികളാണ്‌ സ്വീകരിക്കേണ്ടതെന്ന്‌ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഉത്തരവായിട്ടുണ്ട്‌.

വിവരാവകാശ അപേക്ഷകളില്‍ ഫയലുകള്‍ കാണാനില്ലെന്ന മറുപടി ആശ്വാസ്യകരമല്ല. ഇത്തരം നടപടികള്‍ ഫയലുകള്‍ മറച്ചുവെക്കുന്നതിന്റെ സൂചനയാണ്‌. ജനങ്ങള്‍ സര്‍ക്കാരിനെ കാണുന്നത്‌ ഉദ്യോഗസ്‌ഥരിലൂടെയാണ്‌.

അവരുടെ പെരുമാറ്റം സര്‍ക്കാരിനെ വിലയിരുത്താന്‍ കാരണമാകുന്നു. ഫയലില്‍ വിവരം ഉണ്ടായിട്ടും അപേക്ഷകര്‍ക്ക്‌ ലഭ്യമാക്കാന്‍ സന്നദ്ധമാകാത്ത പ്രവണത ശരിയല്ല. ഇത്തരക്കാര്‍ക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത നടപടി സ്വീകരിക്കും. വിവരാവകാശ മറുപടിയില്‍ ബന്ധപ്പെട്ട എസ്‌.പി.ഒയുടെ പേര്‌, തസ്‌തിക, അപ്പീല്‍ അതോറിറ്റിയുടെ പേര്‌, തസ്‌തിക, ഔദ്യോഗിക വിലാസം എന്നിവ നിര്‍ബന്ധമായും നല്‍കണം.

അല്ലാത്തവര്‍ സെക്ഷന്‍ 10ന്റെ നിര്‍ദേശം ലംഘിക്കുകയാണ്‌. ഉദ്യോഗസ്‌ഥരുടെ സമയവും പൊതുമുതലും നഷ്‌ടമാവുന്ന രീതിയില്‍ അനാവശ്യമായി ഹര്‍ജിക്കാര്‍ ഇടപ്പെടരുത്‌. വിവരാവകാശ അപേക്ഷ ലഭിച്ച്‌ ആദ്യ അഞ്ച്‌ ദിവസത്തിനകം പ്രാഥമിക നടപടി സ്വീകരിക്കണം. വിവരാവകാശ ഓഫീസര്‍ അപേക്ഷകളില്‍ ആവശ്യപ്പെടുന്ന വിവരം മറ്റൊരു ഓഫീസിലാണ്‌ ഉള്ളതെങ്കില്‍ വിവരാവകാശ നിയമം 6(3 പ്രകാരം അവിടേക്ക്‌ അയയ്‌ക്കണം. അത്തരം ഘട്ടത്തില്‍ വീണ്ടും അപേക്ഷാഫീസ്‌ വാങ്ങരുത്‌.

കല്‍പ്പറ്റ ടൗണിലെ ഒരു കെട്ടിടത്തിന്‌ നിര്‍മാണാനുമതി നല്‍കിയതുമായി ബന്ധപ്പെട്ട അപേക്ഷയില്‍ ചോദ്യം വ്യക്‌തമല്ലെന്ന്‌ മറുപടി നല്‍കിയ മുനിസിപ്പല്‍ എസ്‌.പി.ഒക്കെതിരെ വിവരാവകാശ നിയമം സെക്ഷന്‍ 20(1) പ്രകാരം ശിക്ഷാനടപടി സ്വീകരിക്കുമെന്നു കമ്മീഷണര്‍ വ്യക്‌തമാക്കി.

ഹാന്റെക്‌സിന്റെ മേഖലാ ഓഫീസുകളില്‍ വിവരാവകാശ ഓഫീസര്‍മാരെ നിയമിക്കാത്തതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഡയറക്‌ടര്‍ക്ക്‌ സമന്‍സ്‌ നല്‍കി ജനുവരി 11ന്‌ കമ്മീഷന്‍ ആസ്‌ഥാനത്ത്‌ നേരിട്ട്‌ എത്താന്‍ നിര്‍ദേശം നല്‍കിയതായും കമ്മീഷണര്‍ അറിയിച്ചു. സിറ്റിംഗില്‍ 11 കേസുകള്‍ പരിഗണിച്ചു. ഒമ്പതെണ്ണം തീര്‍പ്പാക്കി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button