തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ ആദ്യ റോബോട്ടിക് സര്‍ജറി യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു
തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയിലെ ആദ്യ റോബോട്ടിക് സര്‍ജറി യൂണിറ്റ് തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ പ്രവര്‍ത്തനമാരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് യൂണിറ്റ് ഉദ്ഘാടനം നിര്‍വഹിച്ചത്. അഭിമാനകരമായ നിമിഷമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശത്തുള്ള റോബോട്ടിക് സര്‍ജറി കേന്ദ്രങ്ങളെ ആശ്രയിച്ചിരുന്ന രോഗികള്‍ക്ക് ഇനി തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സ നല്‍കാന്‍ കഴിയും.
ഇതുവഴി രോഗികള്‍ക്ക് ചികിത്സാ ചെലവും മറ്റ് അനുബന്ധ പ്രശ്‌നങ്ങളും ഗണ്യമായി കുറയും. മലബാര്‍ കാന്‍സര്‍ സെന്ററിലും വൈകാതെ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കാന്‍സര്‍ ചികിത്സാരംഗത്ത് പൊതുയോഗത്തിന്റെ തുടക്കമെന്ന് മന്ത്രി വീണാ ജോര്‍ജും വ്യക്തമാക്കി.HIPEC ചികിത്സാ സംവിധാനം, പേഷ്യന്റ് വെല്‍ഫയര്‍ & സര്‍വീസ് ബ്ലോക്ക്, ക്ലിനിക്കല്‍ ലബോറട്ടറി ട്രാക്കിംഗ് സംവിധാനം എന്നിവയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. എംഎല്‍എ കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ ആര്യ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.