രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരം അക്രമാസക്തമായതിനെ തുടര്‍ന്നുള്ള കേസുകളില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
എല്ലാ കേസുകളിലും ജാമ്യം ലഭിച്ച പശ്ചാത്തലത്തില്‍ ജാമ്യ നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ ഇന്നു തന്നെ ജയിലില്‍ നിന്നു പുറത്തിറങ്ങാന്‍ കഴിഞ്ഞേക്കും. 50,000 രൂപ കെട്ടിവയ്ക്കുക, ആറാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകുക എന്നീ ഉപാധികളോടെയാണ് ജാമ്യം.
സെക്രട്ടറിയേറ്റിലേക്കും ഡി ജി പി ഓഫീസിലേക്കും നടന്ന പ്രതിഷേധ മാര്‍ച്ചുമായി ബന്ധപ്പെട്ട കേസുകളിലെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന് ശക്തമായി വാദിച്ചു. രാഹുലിനെ കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു.
രാഹുലിന് എതിരായ കേസ് കെട്ടിച്ചമച്ചതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഡിസംബര്‍ 20ന് നടന്ന സംഭവത്തില്‍ അറസറ്റ് ചെയ്യുന്നത് ജനുവരി ഒമ്പതിനാണ്. അറസ്റ്റിന് ശേഷമാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയത്.
ന്യൂറോ പ്രശ്നങ്ങളുണ്ടെന്ന മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ റിപ്പോര്‍ട്ട് ഉണ്ട്. രാഹുലിനെ പരിശോധിച്ച സര്‍ക്കാര്‍ ഡോക്ടര്‍ ഇത് പരിശോധിച്ചിട്ടില്ല. രാഹുല്‍ അക്രമം നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇല്ലെന്നും പ്രതിഭാഗം ഉന്നയിച്ചിരുന്നു.