മുക്കം പൊലീസ് സ്റ്റേഷനില്‍ നിന്ന് ജെ സി ബി കടത്തിയ കേസില്‍ എസ് ഐ അറസ്റ്റില്‍
![](https://calicutpost.com/wp-content/uploads/2024/01/Screenshot-2024-01-23-at-19-16-57-മുക്കം-പൊലീസ്-സ്റ്റേഷനിൽ-നിന്ന്-ജെ.സി.ബി-കടത്തിയ-എസ്.ഐ-അറസ്റ്റിൽ-Madhyamam.png)
കോഴിക്കോട്: മുക്കം പൊലീസ് സ്റ്റേഷനില്‍ നിന്ന് ജെ സി ബി കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികളെ സഹായിച്ച എസ് ഐ നൗഷാദ് അറസ്റ്റില്‍. മാവൂര്‍ കുറ്റിക്കടവ് സ്വദേശി ആണ് നൗഷാദ്. നിലവില്‍ സസ്പെന്‍ഷനിലായ നൗഷാദിനെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് സിറ്റി റൂറല്‍ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി പി പ്രമോദിന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ജില്ലാ സെഷന്‍സ് കോടതിയുടെ മുന്‍കൂര്‍ ജാമ്യവിധിയുള്ളതിനാല് നൗഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു.
കൊടിയത്തൂര്‍ പഞ്ചായത്തിലെ വാലില്ലാപ്പുഴ തൊട്ടുമുക്കം റോഡിലെ പുതിയനിടത്ത് കഴിഞ്ഞ സെപ്റ്റംബര്‍ 19ന് വൈകിട്ട് മണ്ണുമാന്തി യന്ത്രം ബൈക്കുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചിരുന്നു. കേസില്‍ തൊണ്ടിമുതലായി പൊലീസ് കസ്റ്റഡിയിലെടുത്ത് മുക്കം സ്റ്റേഷന് വളപ്പില്‍ സൂക്ഷിച്ച മണ്ണുമാന്തി യന്ത്രമാണ് കഴിഞ്ഞ ഒക്ടോബര്‍ 11ന് പ്രതികള്‍ കടത്തിക്കൊണ്ടു പോയത്. ഇന്‍ഷുറന്‍സോ മറ്റു രേഖകളോ ഇല്ലാതിരുന്ന യന്ത്രം കടത്തി രേഖകളുള്ള മറ്റൊരു മണ്ണുമാന്തിയന്ത്രം സ്റ്റേഷന് വളപ്പില്‍ കൊണ്ടിടുകയായിരുന്നു. തൊണ്ടിമുതല്‍ കടത്തിക്കൊണ്ടുപോകാന്‍ പ്രതികളെ സഹായിച്ചുവെന്നാണ് എസ് ഐ നൗഷാദിനെതിരായ കുറ്റം. വാഹനം കടത്തി കൊണ്ടുപോകാന്‍ വന്ന കേസിലെ ഒന്നാം പ്രതി ബഷീറിന്റെ വാഹനത്തില്‍ എസ് ഐ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യമടക്കം തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. കേസില്‍ ജെസിബി ഉടമയുടെ മകനടക്കം ആറ് പേരെ പിറ്റേന്നു തന്നെ പൊലീസ് പിടികൂടിയിരുന്നു.