പൈതൃക ടൂറിസം: തച്ചോളി മാണിക്കോത്ത് ക്ഷേത്രവും കളരിയും തറവാടും നവീകരിക്കുന്നു

വടകര: പൈതൃക ടൂറിസം പദ്ധതിയില്‍പ്പെടുത്തി തച്ചോളി മാണിക്കോത്ത് ക്ഷേത്രവും കളരിയും തറവാടും നവീകരിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. തച്ചോളി ഒതേനന് ഉപയോഗിച്ചെന്നു കരുതുന്ന ചന്ദന കട്ടില്, ആയുധം എന്നിവ സൂക്ഷിച്ചിട്ടുള്ള ക്ഷേത്രത്തിന് 350 വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് കരുതുന്നത്.

ടൂറിസം സാധ്യതയും കണക്കിലെടുത്താണ് നിര്‍മാണം. ഒതേനന്റെ തറവാടും ക്ഷേത്രവും ഉള്‍പ്പെടുന്ന ഭാഗം പൈതൃകം നഷ്ടപ്പെടുത്താതെ മാറ്റി പണിയാനാണ് ശ്രമിക്കുന്നത്. നേരത്തേയുണ്ടായിരുന്ന കളരിയും ഓഫിസ് കെട്ടിടവും പൊളിച്ചാണ് നിര്‍മാണം. കിണര്‍, പുള്ളുവ തറ എന്നിവ അതേപടി നില നിര്‍ത്തും. ഇതിനോട് ചേര്‍ന്ന് വിശാലമായ കളരിയും പണിയുന്നുണ്ട്. സംസ്ഥാന ഖജനാവില്‍ നിന്ന് 2 കോടി രൂപയും താലൂക്ക് എന്‍ എസ് എസ് കരയോഗത്തിന്റെ 25 ലക്ഷം രൂപയും ഉപയോഗിച്ചുള്ള നിര്‍മാണം 6 മാസം കൊണ്ട് പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല.