KOYILANDILOCAL NEWS

കീഴരിയൂരിലെ ഗ്യാസ് ഗോഡൗണ്‍ അടച്ചു പൂട്ടണമെന്ന് കര്‍മ്മസമിതി

കൊയിലാണ്ടി: കീഴരിയൂരിലെ ഇന്‍ഡെയ്ന്‍ ഗ്യാസ് ഗോഡൗണ്‍ പരിസരവാസികള്‍ക്ക് ഭീഷണിയായതിനാല്‍ അടച്ചു പൂട്ടണമെന്ന് നാട്ടുകാര്‍ രൂപവല്‍ക്കരിച്ച കര്‍മ്മ സമിതിയുടെ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എല്‍.പി.ജി വിതരണ ഏജന്‍സിയായ കീഴരിയൂരില്‍ പ്രവര്‍ത്തിക്കുന്ന മലയാളം ഇന്‍ഡെയ്ന്‍ സര്‍വ്വീസസിന്റെ സിലിണ്ടര്‍ സൂക്ഷിക്കുന്ന ഗോഡൗണിന്റെ പരിസരത്ത് താമസിക്കുന്നവരാണ് ജനകീയ കര്‍മ്മ സമിതി രൂപവല്‍ക്കരിച്ച് പ്രക്ഷോഭമാരംഭിക്കുന്നത്. ഗ്യാസ് ഗോഡൗണിനെതിരെ നാട്ടുകാര്‍ ഒപ്പിട്ട ഹര്‍ജി ജില്ലാ കലക്ടര്‍,കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി,ഫയര്‍ഫോഴ്സ് ജില്ലാ ഓഫീസര്‍ എന്നിവര്‍ക്ക് നല്‍കിയിട്ടുണ്ട്.  കീഴരിയൂര്‍ ഗ്രാമ പഞ്ചായത്തിലെ 12 വാര്‍ഡില്‍ എളമ്പിലാട് പരദേവതാ ക്ഷേത്രത്തിന് സമീപമാണ് ഗോഡൗണ്‍ സ്ഥിതി ചെയ്യുന്നത്. ഗോഡൗണ്‍ കെട്ടിടം അപകടവസ്ഥയിലാണ്. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് കെട്ടിടം നിര്‍മ്മിച്ചത്. ഗോഡൗണിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ അന്‍പതിലധികം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. കണ്ണോത്ത് യൂ.പി സ്‌കൂളും പരിസരത്താണ്.
ഗോഡൗണിന് സമീപത്തുളള വീടുകളില്‍ തുടര്‍ച്ചയായി ഇടിമിന്നലില്‍ വ്യാപക നാശനഷ്ടമായിട്ടുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഉണ്ടായ ഇടിമിന്നലില്‍ ഗോഡൗണിന്റെ അടുത്തുളള മൂന്ന് വീടുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു.
പി.ഇ.എസ്.ഒ(പെട്രോളിയം ആന്റ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍) പോലുളള സര്‍ക്കാര്‍ ഏജന്‍സികളോ,2016ലെ ഗ്യാസി സിലിണ്ടര്‍ റൂള്‍സോ നിഷ്‌ക്കര്‍ഷിക്കുന്ന യാതോരു സുരക്ഷാ മാനദണ്ഡങ്ങളും ഈ എല്‍.പി.ജി ഗോഡൗണില്ലെന്ന് കര്‍മ്മ സമിതി കുറ്റപ്പെടുത്തി. പരിസരവാസികളുടെ ജീവന് ഭീഷണിയായ ഗോഡൗണ്‍ അടച്ചു പൂട്ടണമെന്ന് കര്‍മ്മ സമിതി ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ കര്‍മ്മ സമിതി കണ്‍വീനര്‍ ശശികുമാര്‍ ആനന്ദശ്രി,കെ.മുരളീധരന്‍,വേലായുധന്‍ കീഴരിയൂര്‍,ടി.എ.സലാം,എം.സുരേഷ്ബാബു എന്നിവര്‍ പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button