CALICUTDISTRICT NEWS
ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ
![](https://calicutpost.com/wp-content/uploads/2020/01/peedanam-300x200.jpg)
കോഴിക്കോട് :ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ചയാളെ പൊലീസ് പിടികൂടി. പയ്യോളി അയനിക്കാട് ആഷിക് സോളമ(26)നെയാണ് മെഡിക്കൽ കോളേജ് സിഐ മൂസ വള്ളിക്കാടനും നോർത്ത് അസി. കമീഷണർ കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡും ചേർന്ന് പിടികൂടിയത്. വെള്ളിയാഴ്ച രാത്രി 8.45ഓടെയാണ് സംഭവം. ഓൺലൈൻ ഫുഡ് സപ്ലൈ ഡെലിവറി ബോയ് ആയ ആഷിഖ് മെഡിക്കൽ കോളേജ് ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന യുവതിയെ വീട്ടിലാക്കിത്തരാമെന്നു പറഞ്ഞ് സ്കൂട്ടറിൽ കയറ്റുകയായിരുന്നു.
തൊണ്ടയാട്, മലാപ്പറമ്പ്, ചേവായൂർ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് വീണ്ടും മെഡിക്കൽ കോളേജ് ഭാഗത്ത് എത്തിയശേഷം തൊണ്ടയാടുള്ള ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
യുവതി റോഡരികിൽ നിൽക്കുന്നത്കണ്ടവർ പൊലീസിൽ അറിയിച്ചു. തുടർന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ് കേസെടുത്തു. സമീപത്തെ ബാങ്കിന്റെ സിസിടിവി ഉൾപ്പെടെ ഇവർ സഞ്ചരിച്ച വഴിയിലെ അമ്പതോളം സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. വടകര സ്റ്റേഷനിൽ കഞ്ചാവുകേസിൽ ഉൾപ്പെട്ട് ജയിലിൽ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ ആളാണ് പ്രതിയെന്ന് മനസ്സിലാക്കിയ പൊലീസ് സൈബർസെല്ലിന്റെ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു. സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ ഒ മോഹൻദാസ്, എം ഷാലു, ഹാദിൽ കുന്നുമ്മൽ, മെഡിക്കൽ കോളേജ് പ്രൊബേഷൻ എസ്ഐ പ്രശോഭ്, രാജേന്ദ്രൻ, പി മനോജ്, വിനോദ്, കെ പി സുബിന എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു
Comments