ഫോണും ബൈക്കും പോലീസ് കൊണ്ടുപോകും

കോഴിക്കോട്‌ :  മൊബൈൽ ഫോൺ ചെവിയിൽ തിരുകി ബൈക്കിൽ പറക്കുന്ന ചുള്ളന്മാർ ശ്രദ്ധിച്ചോളൂ. ഫോണും ബൈക്കും പൊലീസ്‌ കൊണ്ടുപോകും. കോടതിയിലെത്താതെ രണ്ടും പിന്നെ തിരികെ കിട്ടില്ല. മൊബൈൽ ഫോണിൽ സംസാരിച്ചുള്ള യാത്ര അപകടങ്ങൾ വർധിപ്പിക്കുന്നതിനാലാണ്‌ പരിശോധന കർശനമാക്കുന്നത്‌.
ഫോൺ കൈയിലെടുത്തും ഹെൽമെറ്റിനുള്ളിൽ തിരുകിവച്ചുമാണ്‌ പല ബൈക്ക്‌ യാത്രികരുടെയും സവാരി.  ഫോണിൽ സംസാരിച്ച്‌ സവാരി നടത്തുന്നവർക്ക്‌ നിലവിൽ 2000 രൂപ മുതൽ 3000 വരെയാണ്‌ പിഴ. ഇത്‌ കൂസാതെയാണ്‌ പലരുടെയും സവാരി. യാത്രക്കിടയിൽ ഫോണിലോ ഹെഡ്‌ ഫോണിലോ സംസാരിക്കുന്നവർക്കാണ്‌ പിടിവീഴുക. ഇതിനായി പ്രത്യേകം സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്‌. പിടിവീണാൽ വാഹനവും മൊബൈൽ ഫോണും പൊലീസ്‌ കസ്‌റ്റഡിയിലെടുത്ത്‌ കോടതിയിൽ ഹാജരാക്കും. കേസും രജിസ്‌റ്റർ ചെയ്യും.
നഗരത്തിൽ ട്രാഫിക്‌ നിയമലംഘനങ്ങൾ കൂടുകയാണെന്ന്‌ പൊലീസ്‌ ഉദ്യോഗസ്ഥർ പറഞ്ഞു. അമിതവേഗത്തിൽ വാഹനമോടിക്കുന്നവരെയും ഇടതുവശത്തുകൂടി ഓവർടേക്ക്‌ ചെയ്യുന്നവർക്കെതിരെയും കേസ്‌ രജിസ്‌റ്റർ ചെയ്യും. വാഹനങ്ങളുടെ ചില്ലുകളിൽ കൂളിങ്‌ സ്‌റ്റിക്കറുകൾ പതിക്കുന്നതും ഫാൻസി നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കുന്നതും കുറ്റകരമാണ്‌.
വാഹനങ്ങൾക്ക്‌ രൂപമാറ്റം വരുത്തുന്നവർക്കെതിരെയും കേസെടുക്കും. പുറത്തേക്ക്‌ തള്ളിനിൽക്കുന്ന ടയറുകൾ, ഫൂട്ട്‌ സ്‌റ്റെപ്പുകൾ, അമിതശബ്ദമുള്ള സൈലൻസറുകൾ, സ്‌റ്റിക്കറുകൾ എന്നിവ വാഹനങ്ങളിൽ ഉപയോഗിക്കരുതെന്ന്‌ കർശന നിർദേശം നൽകിയിട്ടുണ്ട്‌.
അമിതശബ്ദമുള്ള ഹോണുകൾ, റെഡ്‌ സിഗ്നൽ തെറ്റിച്ച്‌ പോകുന്നവർ, അനുവദനീയമായതിലും അധികം ലോഡ്‌ കയറ്റുന്ന വാഹനങ്ങൾ, അനധികൃതമായി പാർക്കിങ്‌ നടത്തുന്നവർ എന്നിവർക്കെതിരെ നടപടിയുണ്ടാകുമെന്ന്‌ ട്രാഫിക്‌ സൗത്ത്‌ അസി.കമീഷണർ അറിയിച്ചു.
Comments

COMMENTS

error: Content is protected !!