CRIME
മദ്യത്തിനു പകരം ഗ്ലാസിൽ വിഷം ഒഴിച്ചു; ഭാര്യയുടെയും കാമുകന്റെയും മൊഴി ഇങ്ങനെ.
മലപ്പുറം ∙ കാളികാവിലെ ഗൃഹനാഥന്റെ ദുരൂഹ മരണം ഒന്നര വർഷത്തിനുശേഷം കൊലപാതകമെന്നു തെളിഞ്ഞു. മൂച്ചിക്കലിൽ മരുതത്ത് മുഹമ്മദാലി(50)യെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ ഉമ്മുൽ ഷാഹിറയെ(42)യും കാമുകൻ പത്തനംതിട്ട ഉന്നക്കാവ് സ്വദേശി ജെയ്മോനെ(37)യും മലപ്പുറം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇരുവരെയും തമിഴ്നാട്ടിൽനിന്നാണു പിടികൂടിയത്.
തങ്ങൾക്ക് ഒന്നിച്ചു ജീവിക്കാൻ മുഹമ്മദാലിയെ വിഷം കൊടുത്തു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇരുവരും മൊഴി നൽകി. മുഹമ്മദാലിയുടെ രണ്ടാം ഭാര്യയാണ് ഉമ്മുൽ ഷാഹിറ. ഇവർക്കും 2 മക്കൾക്കുമൊപ്പം മൂച്ചിക്കലിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന മുഹമ്മദാലി 2018 സെപ്റ്റംബർ 21നാണ് കൊല്ലപ്പെട്ടത്. അന്നുരാത്രി അയൽവാസിയായ ജെയ്മോനൊപ്പം ഇയാൾ വീടിന്റെ ടെറസിൽവച്ചു മദ്യപിച്ചിരുന്നു.
ഇടയ്ക്കു മദ്യത്തിനു പകരം ഗ്ലാസിൽ വിഷം ഒഴിച്ചു നൽകിയെന്നാണു ജെയ്മോൻ പൊലീസിനു നൽകിയ മൊഴി. മരണമുറപ്പിച്ചശേഷം ഷാഹിറയുടെ സഹായത്തോടെ മുഹമ്മദാലിയുടെ ശരീരവും വസ്ത്രങ്ങളും വൃത്തിയാക്കി കട്ടിലിൽ കിടത്തിയശേഷമാണു ജെയ്മോൻ പോയത്. പിറ്റേന്നു പുലർച്ചെ അടുത്തു താമസിച്ചിരുന്ന ബന്ധുക്കളെ വിളിച്ച് ഷാഹിറ മരണവിവരം അറിയിച്ചു.
ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായെന്ന ഭാര്യയുടെ വാക്കുകൾ ബന്ധുക്കളും വിശ്വസിച്ചു. എന്നാൽ, മരണം കഴിഞ്ഞ് 4 ദിവസം പിന്നിട്ടപ്പോൾ ഉമ്മുൽ ഷാഹിറയെയും മക്കളെയും കാണാതായതോടെ മരണത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. തുടർന്നു മൃതദേഹം പുറത്തെടുത്തു നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ വിഷാംശം കണ്ടെത്തുകയായിരുന്നു.
രഹസ്യവിവരത്തെത്തുടർന്നു തിങ്കളാഴ്ച ശിവകാശിയിലെത്തിയ പൊലീസ് സംഘം ഷാഹിറയെയും 2 മക്കളെയും കണ്ടെത്തിയിരുന്നു. അന്നു കടന്നുകളഞ്ഞ ജെയ്മോനെ ഇന്നലെ ഡിണ്ടിഗലിൽ വച്ചു പൊലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ ഉമ്മുൽ ഷാഹിറയെ റിമാൻഡ് ചെയ്തു. മക്കളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. ജയ്മോനെ ഇന്നു കോടതിയിൽ ഹാജരാക്കുമെന്നു മലപ്പുറം എസ്പി യു.അബ്ദുൽകരീം പറഞ്ഞു.
ജെയ്മോൻ ഇരുപതോളം കേസുകളിൽ പ്രതി
കാളികാവ് മൂച്ചിക്കൽ സ്വദേശി മുഹമ്മദാലിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പത്തനംതിട്ട ഉന്നക്കാവ് സ്വദേശി ജെയ്മോൻ വിവിധ ജില്ലകളിലായി ഇരുപതോളം കേസുകളിൽ പ്രതിയാണെന്നു പൊലീസ്. കണ്ണൂർ, ഇടുക്കി, കോട്ടയം ജില്ലകളിലെ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. ഇതിൽ മൂന്നെണ്ണം പീഡനക്കേസുകളാണ്. ഇടുക്കിയിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇയാൾ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
2 വർഷം മുൻപ് കാളികാവ് സ്വദേശിനിയുമായി കോഴിക്കോട് മെഡിക്കൽ കോളജിൽവച്ച് അടുപ്പത്തിലായതോടെയാണ് ജെയ്മോൻ ഇവിടേക്കെത്തിയത്. മുഹമ്മദാലിയുടെ വീടിനടുത്തുള്ള വാടക ക്വാർട്ടേഴ്സിലായിരുന്നു താമസം. മുഹമ്മദാലിയുമായി സൗഹൃദം സ്ഥാപിച്ചതോടെ ഇരുവരും ഒന്നിച്ചുള്ള മദ്യപാനം പതിവായി. കൊലപാതകത്തിനു 6 മാസം മുൻപാണ് ഉമ്മുൽ ഷാഹിറയുമായി അടുപ്പത്തിലാകുന്നത്.
മുഹമ്മദാലിയെ കൊലപ്പെടുത്താൻ മാസങ്ങൾക്കു മുൻപേ പദ്ധതിയിട്ടിരുന്നതായി ഇരുവരും പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എൻ.വി.അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിൽ സിഐ പി.ജോതീന്ദ്രകുമാർ, എസ്ഐ സി.നൗഷാദ്, എഎസ്ഐ അരുൺ ഷാ, സിപിഒമാരായ പി.ആസിഫ്, കെ.കൃഷ്ണകുമാർ, കെ.ശ്രീകുമാർ, പി.നിയാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Comments