CRIME
പെൺവാണിഭ സംഘത്തിലെ രണ്ടുപേർ പിടിയിൽ

ഫറോക്ക് : അന്തർ സംസ്ഥാന ബന്ധമുള്ള പെൺവാണിഭ സംഘത്തിലെ യുവതി ഉൾപ്പെടെ രണ്ടുപേരെ ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് കോട്ടേപ്പാടം സ്വദേശി പൂളമണ്ണ വീട്ടിൽ മൊയ്തീൻ (34), കൊല്ലം കൂതക്കുളം കലക്കിയോട് പടിഞ്ഞാറ്റി സ്വദേശിനി കാതിയാറ്റി വാഹിദ (35) എന്നിവരെയാണ് രാമനാട്ടുകര നഗരത്തിൽ ഇവർ താമസിച്ച വാടക വീട് റെയ്ഡ് ചെയ്ത് പിടികൂടിയത്.
അസം സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഫറോക്ക് സിഐ കെ കൃഷ്ണന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. രാമനാട്ടുകര ഉൾപ്പെടെ വിവിധയിടങ്ങളിൽ വീട് വാടകക്കെടുത്ത് താമസിച്ച് യുവതികളെയെത്തിച്ചാണ് സംഘം പെൺവാണിഭം നടത്തിവന്നത്.
മുഖ്യപ്രതിയും കൊണ്ടോട്ടി സ്വദേശിയുമായ ഷിഹാബിനെ പിടികൂടാനായിട്ടില്ല. ഇയാൾ ബംഗളൂരുവിൽനിന്ന് പരിചയപ്പെട്ട അസം സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി കേരളത്തിലെത്തിക്കുകയായിരുന്നു. പിന്നീട് രാമനാട്ടുകരയിലും കരുവൻതിരുത്തിയിലും എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി.
സഹോദരിയുടെ വീട്ടിൽ താമസിച്ച് ബംഗളൂരുവിൽ ജോലിചെയ്തുവരികയായിരുന്നു പരാതിക്കാരി. ഷിഹാബിന്റെ നേതൃത്വത്തിൽ പ്രധാനമായും വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് പെൺവാണിഭം നടത്തിയിരുന്നതെന്നും പൊലീസ് പറഞ്ഞു. പിടിയിലായ വാഹിദയും മൊയ്തീനും ദമ്പതികളാണെന്നാണ് മറ്റുള്ളവരെ ധരിപ്പിച്ചിരുന്നത്.
ഷിഹാബ് ഉൾപ്പെടെയുള്ള പ്രതികൾക്കായി കൂടുതൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്. എസ്ഐ കെ മുരളീധരൻ, പ്രൊബേഷൻ എസ്ഐ സുജിത് എന്നിവരടങ്ങിയ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
Comments