ഭക്ഷ്യധാന്യ വിതരണം: ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ
റേഷൻ കാർഡുടമകൾക്ക് ഗുണനിലവാരമുള്ള ഭക്ഷ്യധാന്യങ്ങൾ തടസ്സമില്ലാതെ വിതരണം ചെയ്യുന്നതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്ന എഫ്.സി.ഐ ഗോഡൗണുകളും സിവിൽ സപ്ലൈസ് ഗോഡൗണുകളും ശാസ്ത്രീയമായും വൃത്തിയായും സജ്ജീകരിക്കണം. ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുമ്പോഴെല്ലാം എഫ് സി ഐ സബ് ഡിവിഷൻ മാനേജർ ബന്ധപ്പെട്ട സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെ ഇക്കാര്യം അറിയിക്കണം. ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണുകൾ സബ് ഡിവിഷണൽ മജിസ്ട്രേറ്റോ മജിസ്ട്രേറ്റർ നിശ്ചയിക്കുന്ന എക്സിക്യൂട്ടീവ് മജിസ്ട്രേറ്റോ ഇടക്കിടെ പരിശോധിക്കണം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും പരിശോധന നടത്തണം. റേഷൻ കടകളിലേക്ക് ഗുണനിലവാരം കുറഞ്ഞതും പഴകിയതുമായ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്താൽ അക്കാര്യം റേഷൻ ഡീലർക്ക് വിജിലൻസ് മോണിറ്ററിങ് കമ്മറ്റിയെയോ തദ്ദേശസ്ഥാപന മേധാവിയെയോ അറിയിക്കാമെന്നും കലക്ടർ നിർദ്ദേശിച്ചു. എല്ലാ ഗോഡൗണുകളിലും പരിശോധനാ രജിസ്റ്റർ സൂക്ഷിക്കുകയും പരിശോധന ഉദ്യോഗസ്ഥർ പരിശോധനാ വിവരം രേഖപ്പെടുത്തുകയും വേണം. ഉത്തരവ് കൃത്യമായി പാലിക്കുന്നുണ്ടെന്നുറപ്പാക്കാൻ ജില്ലാ ജില്ലാ കലക്ടർ ചെയർമാനും ജില്ലാസപ്ലൈ ഓഫീസറുമടങ്ങുന്ന ജില്ലാതല വിജിലൻസ് കമ്മറ്റി അവലോകനം ചെയ്യുമെന്നും അറിയിച്ചു.