വനിതാ കമീഷൻ മെഗാ അദാലത്ത്‌ ബാലപീഡനം 3, പ്രതികൾ വീട്ടിൽത്തന്നെ

കോഴിക്കോട്‌ : വനിതാ കമീഷൻ മെഗാ അദാലത്തിൽ എത്തിയ പരാതികളിൽ മൂന്ന്‌ പോക്‌സോ കേസുകളും. മൂന്നിലും വീട്ടിലുള്ളവർ തന്നെയാണ്‌ പ്രതികൾ. രണ്ട്‌ കേസുകളിലും രണ്ടാനച്ഛൻ പീഡിപ്പിച്ചതായാണ്‌ പരാതി. ഒന്നിൽ അച്ഛനും. താമരശേരിയിലാണ്‌ മൂന്ന്‌ കേസുകളും  രജിസ്റ്റർചെയ്തത്‌.
അമ്മ വിദേശത്തുള്ളപ്പോഴാണ്‌ പെൺകുട്ടിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചത്‌. രണ്ട്‌ ആൺകുട്ടികളെയും ഇദ്ദേഹം ദുരുപയോഗംചെയ്‌തു. അമ്മ തിരിച്ചെത്തിയപ്പോഴാണ്‌ വിവരങ്ങൾ അറിഞ്ഞത്. കേസ്‌ പിൻവലിക്കാൻ നിരന്തരസമ്മർദം ഇവർക്കുണ്ട്‌. തുടർന്ന്‌ മൂന്ന്‌ മക്കളെയുമായി അന്യജില്ലയിലേക്ക്‌ താമസം മാറ്റിയിരിക്കുകയാണ്‌ അമ്മ. ഇവർക്ക്‌ താമരശേരി പൊലീസിന്റെ ഭാഗത്തുനിന്ന്‌ നല്ല പിന്തുണകിട്ടി. കുട്ടിയുടെ   ഭാവിക്ക്   കേസ്‌ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ്‌ പലയിടത്തുനിന്നും സമ്മർദമേറുന്നത്‌. എന്നാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാനും കുട്ടികളുടെ ഭാവിയില്ലാതാക്കാനുമാണ് കേസ് പിൻവലിക്കുന്നതിനാൽ ഇടയാകുന്നതെന്ന്‌ വനിതാ കമീഷൻ  അംഗങ്ങളായ ഇ എം രാധയും അഡ്വ. എം എസ് താരയും പറഞ്ഞു.
ലഹരി   ഉപയോഗമാണ് പല കേസുകൾക്കും പിന്നിൽ. തുടർച്ചയായ ലഹരി ഉപഭോഗത്തിന്റെ ഭാഗമായി മാനസിക വൈകല്യമുള്ളവരുടെ എണ്ണം വർധിക്കുന്നു. പോക്‌സോ കേസുകളിലെ ഇരകൾക്കും അമ്മയടക്കമുള്ളവർക്കും പൊതുസമൂഹവും അടുത്ത ബന്ധുക്കളും നല്ല പിന്തുണ നൽകണമെന്നും ഇരുവരും പറഞ്ഞു.
  65 പരാതികളാണ് ടൗൺഹാളിലെ മെഗാ അദാലത്തിൽ പരിഗണിച്ചത്.   12 എണ്ണം തീർപ്പാക്കി.  ഒരെണ്ണം പൊലിസിന് റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചു.
Comments

COMMENTS

error: Content is protected !!