ലഹരിക്കെതിരായ സന്ദേശം പകര്‍ന്ന് കിഡ്സ് സോക്കര്‍ ഫെസ്റ്റ് സമാപിച്ചു
കൊയിലാണ്ടി: ലഹരിയെ തുടച്ച് നീക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും എന്ന സന്ദേശം നല്‍കി കിഡ്സ് സോക്കര്‍ ഫെസ്റ്റ് കൊയിലാണ്ടി സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ സമാപിച്ചു. ലഹരിക്കെതിരായി പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന എക്സൈസ് വകുപ്പും ചേസ് സോക്കര്‍ അക്കാദമിയും ചേര്‍ന്നാണ് കിഡ്സ് സോക്കര്‍ ഫെസ്റ്റ് സംഘടിപ്പിച്ചത്. ലഹരിക്കെതിരായ മുദ്രാവാക്യങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡും വര്‍ണക്കുടകളുമായി ചേസ് അക്കാദമിയിലെ കുട്ടികള്‍ സ്റ്റേഡിയം വലംവെച്ചാണ് ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കമായത്. ഫെനല്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്ന എല്ലാവരും ലഹരി വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചു.
മൂന്ന് ദിവസമായി നടന്ന ഫെസ്റ്റില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 24 ടീമുകള്‍ പങ്കെടുത്തു. അണ്ടര്‍ 12 വിഭാഗത്തില്‍ റോയല്‍ ഫുട്‌ബോള്‍ അക്കാദമി, മാവൂരും. അണ്ടര്‍ 14 വിഭാഗത്തില്‍ തേജസ് ഫുട്‌ബോള്‍ അക്കാദമി, കൊയിലാണ്ടിയും വിജയികളായി. യഥാക്രമം ഫാല്‍ക്കണ്‍സ് അക്കാദമി തിരുവോടും, സ്‌കോര്‍ ലൈന്‍ അക്കാദമി കാലിക്കറ്റും രണ്ടാംസ്ഥാനത്തെത്തി. സമാപന സമ്മേളനം കെ ദാസന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ഷാജി പി.സി.കെ അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രേംകൃഷ്ണ, പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശരത് ബാബു , രാജേഷ് കീഴരിയൂര്‍, കെ.ടി. സിജേഷ് ,എപി സുധീഷ്, മേപ്പയില്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ജയപ്രസാദ്,അനീഷ്.കെ.പി, അഭിജിത്ത്.സി, ഷിബിന്‍.പി.കെ എന്നിവര്‍ നേതൃത്വം നല്‍കി.