CALICUTDISTRICT NEWS
വാഹനപ്രശ്നം, ആനുകൂല്യങ്ങളില്ല: പരാതിക്കെട്ടഴിച്ച് മാലിന്യസംസ്കരണത്തൊഴിലാളികൾ
കോഴിക്കോട് : പാഴ്വസ്തുക്കൾ ശേഖരിക്കാൻ ഇടമില്ല, ക്ഷേമനിധിയോ മറ്റ് ആനുകൂല്യങ്ങളോ ഇല്ല, കൃത്യമായി പണം കിട്ടുന്നില്ല. കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന് മുന്നിൽ പ്രശ്നങ്ങളുടെ നീണ്ട പട്ടികനിരത്തി ഖരമാലിന്യസംസ്കരണ ത്തൊഴിലാളികൾ. മുന്നൂറിലേറെവരുന്ന ഇവരിപ്പോൾ ഹരിതകർമസേനയുടെ ഭാഗമാണ്. കോർപ്പറേഷൻ ടാഗോർ ഹാളിൽ വിളിച്ചുചേർത്ത ചർച്ചയിലാണ് തൊഴിലാളികൾ പ്രശ്നങ്ങളവതരിപ്പിച്ചത്.
വാർഡുതലത്തിൽ പ്ലാസ്റ്റിക്മാലിന്യം ശേഖരിക്കാൻ സൗകര്യമില്ലാത്തതുകൊണ്ടുള്ള പ്രശ്നങ്ങളാണ് തൊഴിലാളികൾ പ്രധാനമായും നേരിടുന്നത്. ശേഖരിക്കുന്ന പ്ലാസ്റ്റിക് സ്വന്തം ചെലവിൽ സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകേണ്ടസ്ഥിതിയാണ്. ജൈവ-അജൈവ മാലിന്യം ശേഖരിക്കുന്നതിന് ഒരേ രീതിയിലാണ് വേതനമെന്നും ഇത് ശരിയല്ലെന്നും തൊഴിലാളികൾ പറയുന്നു.
വർഷങ്ങളായി കോർപ്പറേഷന് കീഴിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും മരിച്ചാൽപോലും നയാപൈസയുടെ ആനുകൂല്യം കുടുംബത്തിന് കിട്ടുന്നില്ല. ക്ഷേമനിധി, ഇൻഷുറൻസ് തുടങ്ങിയവയുമില്ല. വാഹനം കഴുകാൻപോലും എവിടെയും സൗകര്യമില്ല. വേതനം കൃത്യമായി കിട്ടുന്നില്ലെന്ന പരാതിയും പലർക്കുമുണ്ട്. പല തൊഴിലാളികൾക്കും 2000-3000 രൂപവരെ കിട്ടാനുണ്ട്. ചില സർക്കിളുകളിൽ ഹരിതകർമസേനയുടെ പ്രവർത്തനം കൃത്യമായി നടക്കുന്നുണ്ട്.
ബില്ലുകൾ നൽകിയിട്ടും ട്രഷറി നിയന്ത്രണം കാരണം പണം കിട്ടാത്തതാണെന്ന് പ്രശ്നമെന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. ബാബുരാജ് പറഞ്ഞു. തൊഴിലുപകരണങ്ങളും യൂണിഫോമും വാങ്ങാനുള്ള നടപടിയായിട്ടുണ്ടെന്നും തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Comments